യാങ്കൂൺ: മ്യാന്മറില് സൈന്യത്തിന്റെ മനുഷ്യക്കുരുതി. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ 30ലേറെ പേരെ സൈന്യം കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ചു. കയയിലാണ് സംഭവം.
അതേസമയം, ആയുധങ്ങളുമായെത്തിയ ഒരു സംഘം ഭീകരരെ വെടിവെച്ചുകൊന്നതായാണ് മ്യാന്മാര് സൈന്യം പ്രതികരിച്ചത്. ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്മര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.
അതേസമയം, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സൈന്യവും റിബല്‍ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തത്.
കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. എന്നാല്‍ ആരോപണം മ്യാന്മറിലെ തിരഞ്ഞെടുപ്പ് കമ്മിഷന് നിഷേധിച്ചിരുന്നു. പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ആയിരക്കണക്കിന് പേര് കൊല്ലപ്പെട്ടു. പതിനായിരത്തോളം പേര് അറസ്റ്റിലായി.