അയര്‍ലണ്ടില്‍ വ്യാപക ഭക്ഷ്യ വിഷബാധ; വ്യാപകമാകാന്‍ കാരണം സാല്‍മൊണല്ല ബാക്ടീരിയ എന്ന് കണ്ടെത്തല്‍; ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു

അയര്‍ലണ്ടില്‍ വ്യാപകമായ ഭക്ഷ്യ വിഷബാധ പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ ഭക്ഷ്യവിഷബാധയാണ് ഇത്. സാല്‍മൊണല്ല ബാക്ടീരിയ കാരണാണ് ഇപ്പോഴത്തെ വിഷബാധ ഉണ്ടായിരിക്കുന്നത്. ഡബ്ലിനിലും ചുറ്റുമുള്ള 17 സ്ഥലങ്ങളിലേക്ക് ബാക്ടീരിയയുടെ സാനിധ്യം വ്യാപിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം ഡബ്ലിനില്‍ ഭക്ഷ്യ വിഷബാധയേറ്റ് അന്‍പതുകാരി മരണമടഞ്ഞിരുന്നു.

ഭക്ഷ്യ വിഷബാധയേറ്റ് അമ്പതുകാരി മരണപ്പെട്ട അതെ ദിവസം പബ്ബില്‍ നിന്നും ഭക്ഷണം കഴിച്ച മറ്റു ആളുകള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റു. കുട്ടികളും, വയസായവരും ഉള്‍പ്പെടെ പല കുടുംബങ്ങളിലായി അന്‍പതോളം പേര്‍ക്ക് വിഷബാധയേറ്റ വിവരം എച്ച്.എസ്.ഇ സ്ഥിതീകരിച്ചു. ഡബ്ലിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്ന പലരും അത്യാസന്ന നില തരണം ചെയ്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല കുടുംബങ്ങളിലായിട്ടുള്ളവരാണ് ചികിത്സയിലായിട്ടുള്ളതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തു വിട്ട വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ആദ്യ തിരുവത്താഴ പാര്‍ട്ടിയില്‍ പങ്കെടുക്കവേ പബ്ബില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് മര്‍ഫി ഒബ്രിയാന്‍ എന്ന യുവതിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഡബ്ലിനിലെ വടക്കന്‍ മേഖലകളില്‍ ബാക്ടീരിയയുടെ സാനിധ്യം സ്ഥിരീകരിച്ചതായി ഡോ.കെ.കെല്ലര്‍ പറഞ്ഞു. കൂടുതല്‍ കേസുകളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷബാധ തെളിയിക്കപ്പെട്ടതിനാല്‍ പബ് അടച്ചു പൂട്ടി ലൈസന്‍സ് റദ്ദു ചെയ്തതായും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. പഴകിയ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പബ്ബില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഇതാവാം വിഷബാധയ്ക്ക് കാരണമായ സാല്‍മൊണല്ല ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമായതും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ആരോഗ്യഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍.

എച്ച് എസ് ഇയും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്റും കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സാല്‍മൊണല്ല വ്യാപനത്തപ്പറ്റി സ്ഥിരീകരണം നടത്തിയത്. ഭക്ഷ്യ വിഷബാധയുടെ സ്രോതസ്സായി കരുതപ്പെടുന്ന ഫ്‌ളാന്റെയില്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. എച്ച്എസ്ഇയുടെ അസിസ്റ്റന്റ് നാഷണല്‍ ഡയറക്ടര്‍ ഡോ. കെവിന്‍ കെല്ലര്‍ ഭക്ഷ്യസുരക്ഷയ്ക്കായി ശുചിത്വ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിനുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്. ഉയര്‍ന്ന താപനിലയില്‍ മാംസം പാകം ചെയ്താല്‍ മാത്രമേ ബാക്ടീരിയ നശിക്കുകയുള്ളൂ. സാല്‍മൊണല്ല ഏറ്റവും കൂടുതലുണ്ടാവാന്‍ സാധ്യതയുള്ളത് കോഴിയിറച്ചിയിലാണ്. 80 ഡിഗ്രി താപനിലയിലെങ്കിലും കുറച്ചുനേരം കോഴിയിറച്ചി ചൂടാക്കിയാലേ ബാക്ടീരിയ നശിക്കൂ. കുറഞ്ഞതാപനിലയില്‍ ഇറച്ചി ചൂടാക്കുമ്പോള്‍ ബാക്ടീരിയ പടരുകയുംചെയ്യുന്നു. ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ കടന്ന് വിഷബാധയായി മാറുന്നു. ചിലപ്പോള്‍ മരണകാരണമാവുകയും ചെയ്യുന്നുണ്ട്.

ഹോട്ടലുകളില്‍ നിന്നോ, റസ്റ്റോറന്റുകളില്‍ നിന്നോ, മറ്റു ഭക്ഷണശാലകളില്‍ നിന്നോ ഭക്ഷണം കഴിച്ച ശേഷം ശാരീരിക അവശത അനുഭവപ്പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് എച്ച്.എസ്.എസി പൊതു അറിയിപ്പ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യം ഭക്ഷണശാലകളില്‍ കണ്ടെത്തിയാല്‍ ഉടന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

Top