പൊണ്ണത്തടിയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത്. പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഗ്യാസ്ട്രിക് ബലൂണ്‍ കണ്ടെത്തിയിരിക്കുന്നു. നാലു മാസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ആമാശത്തിനുള്ളില്‍ ഗ്യാസ്ട്രിക് ബലൂണ്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ശസ്ത്രക്രിയയുടെ ആവശ്യം പോലുമില്ല. ക്യാപ്‌സ്യൂളിന്റെ വലുപ്പമുള്ള ബലൂണ്‍ വിഴുങ്ങിയാല്‍ മതി. ബലൂണിനെ ബന്ധിച്ച് ചെറിയ ട്യൂബ് ഉണ്ട്. ബലൂണ്‍ വയറിനുള്ളിലെത്തുമ്പോള്‍ വെള്ളം നിറച്ച് വലുതാക്കും. ബലൂണ്‍ വലുതാകുമ്പോള്‍ ട്യൂബ് തിരിച്ചെടുക്കും.
ബലൂണ്‍ വലുതാക്കുമ്പോള്‍ ആമാശയത്തിലെ ഭൂരിഭാഗവും നിറയും. അതിനാല്‍, കുറച്ചു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറയും. നാലുമാസം കുറഞ്ഞ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ പൊണ്ണത്തടി പമ്പകടക്കും. പൊണ്ണത്തടി കുറയുമ്പോള്‍ ബലൂണ്‍ തിരിച്ചെടുക്കേണ്ടതില്ല, അപ്പോഴേക്കും ബലൂണ്‍ തനിയെ പൊട്ടിപ്പോകും. പൊട്ടിയ ബലൂണിന്റെ അവശിഷ്ടങ്ങള്‍ മലത്തോടൊപ്പം പുറത്തുപോകും.
ശരീരത്തിനു ദോഷമുണ്ടാക്കാത്ത വളരെ കട്ടികുറഞ്ഞ പോളിമര്‍ കൊണ്ടാണ് ബലൂണ്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, ബലൂണ്‍ പൊട്ടി ആമാശയം പഴയതുപോലെയാകുമ്പോള്‍ ഭക്ഷണം വാരിവലിച്ചു തിന്നരുത്. അങ്ങനെ ചെയ്താല്‍ ബലൂണിന്റെ കാറ്റു പോകുന്ന വേഗത്തില്‍ പൊണ്ണത്തടി തിരിച്ചെത്തും. അമേരിക്കന്‍ കമ്പനിയായ അല്ലുറിയോണ്‍ ടെക്‌നോളജീസാണ് ഉല്പന്നം നിര്‍മ്മിക്കുന്നത്. ബ്രിട്ടണില്‍ ബലൂണ്‍ ചികിത്സയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അമേരിക്കയിലും ഉടന്‍ അനുമതി ലഭിച്ചേക്കും.