കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി ആഗോള ഇക്വിറ്റി റിസേര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റീന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരമാണ് ഓയോ കാണുന്നത്.
ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി. ചെലവു കുറച്ചുതുവഴി കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി 8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.