ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്. നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും സി ബി ഐ പരിശോധന നടന്നുവരികയാണ്.
രാവിലെ മുതല്‍ ചിദംബരത്തിന്റെ 14 ചെന്നൈയിലെ കെട്ടിടങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. ഷീന ബോറ കൊലപാതക കേസിലെ പ്രതികളായ പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കും ബന്ധമുള്ള മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് സഹായമൊരുക്കിയെന്ന ആരോപണമാണ് ചിദംബരത്തിന്റെ മകന്റെ കമ്പനിക്ക് മേലുള്ളത്.
കൈക്കൂലി വാങ്ങി കാര്‍ത്തി ചിദംബരത്തിന്റെ കമ്പനി 2008ല്‍ ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് സഹായം നല്‍കിയെന്നാണ് ആക്ഷേപം. 10 ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടുവെന്ന കേസിലാണ് അന്വേഷണം.
മോഡി സര്‍ക്കാര്‍ പ്രതിപക്ഷത്തുള്ളവരോട് പകരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളായ സിബിഐയെ അടക്കം ഉപയോഗിക്കുകയാണെന്ന് ചിദംബരം ആരോപിച്ചു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുന്‍ധനകാര്യ മന്ത്രി ആരോപിച്ചു. തനിക്കെതിരായി യാതൊരു ആക്ഷേപവും ഉയരാതിരുന്നിട്ടും സര്‍ക്കാര്‍ പകവീട്ടുകയാണ് ആരോപണങ്ങളും അഭ്യൂഹങ്ങളും പടച്ചുവിട്ടെന്നും ചിദംബരം ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയും മാധ്യമങ്ങളേയും എഴുത്തുകാരേയും നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് പോലെ തന്നേയും മോഡി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും എന്നാല്‍ പറയാനുള്ളത് പറയാതിരിക്കുകയോ എഴുത്ത് നിര്‍ത്തുകയോ ചെയ്യില്ലെന്നും ചിദംബരം അറിയിച്ചു.