തലശേരി: കതിരൂരിലെ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി. തലശേരി ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പുറപ്പെടുവിക്കും.കേസില്‍ 505 ദിവസമായി അന്വേഷണം നടക്കുകയാണെന്നും പി. ജയരാജനെ പ്രതിയാക്കാനോ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ സി.ബി.ഐക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, മുമ്പ് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യം നിലനില്‍ക്കുകയാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജയരാജനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
സി.ബി.ഐ. തലശേരി ക്യാമ്പ് ഓഫീസില്‍ ജനുവരി 12ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് ജഡ്ജി വി.ജി. അനില്‍കുമാര്‍ സി.ബി.ഐക്ക് നോട്ടീസ് അയച്ചത്.
ജനുവരി നാലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയരാജന്‍ ഒരാഴ്ചത്തെ അവധി അപേക്ഷ നല്‍കി. അവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജനുവരി 12ന് ഹാജരാകാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ രണ്ടാം തവണയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയരാജന്‍ കോടതിയെ സമീപിക്കുന്നത്.