അറസ്റ്റിലാകുമോ ? പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യം വിധി ഇന്ന്, ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയാണെന്ന് ജയരാജന്‍

പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധത്തില്‍ പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഇന്നലെ ജാമ്യഹര്‍ജി പരിഗണിച്ച കോടതിയില്‍, കഴിഞ്ഞ 505 ദിവസമായി തന്റെ കക്ഷിയെ ഈ കേസില്‍ പീഡിപ്പിക്കുകയാണെന്നും മുമ്പ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തതാണെന്നും ജയരാജന്റെ അഭിഭാഷകന്‍ കെ. വിശ്വന്‍ വാദിച്ചു.

ചോദ്യം ചെയ്യലുമായി സഹകരിച്ച ജയരാജനെ മാസങ്ങള്‍ക്കു ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയാണ്. ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ സിബിഐക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും വാദിച്ചു.
ജയരാജനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന് ജഡ്ജി വി.ജെ. അനില്‍കുമാര്‍ സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാറിനോടാരാഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ഇയാള്‍ പ്രതിയല്ലെന്ന മറുപടിയാണ് പ്രോസിക്യൂട്ടര്‍ നല്‍കിയത്. മുമ്പ് ഇതേ കോടതി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യം തളളിയതിന്റെ നിയമവശങ്ങള്‍ അഡ്വ: കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. യുഎപിഎ(43ഡി)ആക്ട് പ്രകാരമുളള കേസില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന വാദമായിരുന്നു അന്നു ജാമ്യഹര്‍ജി തളളി കോടതിപറഞ്ഞത്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. മാസങ്ങള്‍ക്കു മുന്‍പു ജാമ്യഹര്‍ജി തള്ളിയിട്ടും എന്തുകൊണ്ട് മേല്‍ക്കോടതിയില്‍ പോയില്ലെന്നും അഡ്വ: കൃഷ്ണകുമാര്‍ ചോദിച്ചു.  കേസില്‍ പ്രതിയാവുമോ ഇല്ലയോ എന്നുള്ളത് അന്വേഷണസംഘത്തിന്റെ അന്വേഷണത്തിലൂടെ അറിയേണ്ടതാണ്. കേസില്‍ ജയരാജനെ വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ട്. കേസില്‍‌ അറസ്റ്റ് ചെയ്യപ്പെടാനിടയുണ്ടെന്ന് ഹര്‍ജിക്കാരന്‍ തന്നെ സന്ദേഹപ്പെടുന്നു.
യുഎപിഎ വകുപ്പ് ചേര്‍ക്കപ്പെട്ട ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. മുന്‍പ് നല്‍കിയ മു‍ന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതിന് ശേഷം പുതിയ സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ കേസില്‍ മു‍ന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഈ കേസ് ഈ കോടതി പരിഗണിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുള്ളതും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

Top