പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ആഭ്യന്തരവകുപ്പിനെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും രംഗത്ത്

ആലപ്പുഴ: പി.കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സിപിഎമ്മുമായി ഒത്തുകളിക്കുന്നതിനെതിരെ ഒടുവില്‍ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി തന്നെ പരസ്യമായി രംഗത്തെത്തി. സംഭവത്തില്‍ ഐജി ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിപിഎം നേതാക്കളെ സംരക്ഷിക്കുന്നവര്‍ അന്വേഷണ സംഘത്തിലുണ്ട്. അതിനാല്‍ തന്നെ പോലീസിന്റെ അന്വേഷണം വിശ്വാസയോഗ്യമല്ല. തോമസ് ഐസക് എംഎല്‍എയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഷുക്കൂര്‍ ആരോപിച്ചു. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഉന്നതര്‍ ഇടപെട്ട് കേസ് അന്വേഷണം അട്ടിമറിച്ചതായി നേരത്തെ ജന്മഭൂമി വെളിപ്പെടുത്തിയിരുന്നു. ഇത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. വകുപ്പ് മന്ത്രിയുടെ അതേ ഗ്രൂപ്പുകാരനാണ് ഷുക്കൂറെന്നതും ശ്രദ്ധേയമാണ്. സ്മാരകം കത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന പുതിയ കണ്ടെത്തലുമായി കഴിഞ്ഞ ദിവസം സിപിഎമ്മിലെ ചിലര്‍ രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പ്രതികളാക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരല്ല, മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് സ്മാരകം കത്തിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയെന്നായിരുന്നു പ്രചരണം. സംഭവം വിവാദമായതോടെ ജില്ലാ സെക്രട്ടറി സജിചെറിയാന്‍ പത്രസമ്മേളനം നടത്തി ഇത് നിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിഎസ് പക്ഷവുമായി ഔദ്യോഗികപക്ഷം ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ സംരക്ഷിച്ച് പ്രചരണം നടത്തിയെതന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ വെള്ളപൂശിയാലുള്ള പ്രതികരണമറിയാനുള്ള ടെസ്റ്റ്‌ഡോസായിരുന്നു ഇതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സ്മാരകം കത്തിക്കാന്‍ സാദ്ധ്യതയുള്ളതെന്ന മുതിര്‍ന്ന നേതാവ് ടി.കെ. പളനിയുടേയും, കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ വീടിന്റെ അനന്തരവാകാശികളായിരുന്നവരുടെയും ഉറച്ച നിലപാടുകളാണ് പ്രതികളെ സംരക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.
2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് സ്മാരകം കത്തിച്ചത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവും ഡിവൈഎഫ്‌ഐ നേതാവുമായ ലതീഷ് ബി.ചന്ദ്രന്‍, സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി. സാബു, ഡിവൈഎഫ്‌ഐസിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് സ്മാരകം കത്തിച്ചതെന്ന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ ഇവര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. അന്വേഷണം മുന്നോട്ട് പോകുകയും ജില്ലാകമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ അന്വേഷണ സംഘത്തിന് മേല്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മറ്റിയംഗം, ജില്ലാസെക്രട്ടറിയേറ്റംഗങ്ങള്‍ എന്നിവരെ ചോദ്യം ചെയ്യുമെന്ന ഘട്ടത്തില്‍ അന്വേഷണം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. പിന്നീട് കേസന്വേഷണം ശരിയായ രീതിയില്‍ അല്ല നടത്തിയതെന്നും സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു ലതീഷ് ബി. ചന്ദ്രന്‍, പി. സാബു എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ശ്രിജിത്തിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.

പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി സംസ്ഥാന നേതൃത്വത്തെ തങ്ങളുടെ സ്വാധീനം ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഒരുവിഭാഗം നിയന്ത്രിത തീവയ്പ് നടത്തിയതെന്നാണ് അന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചത്. ഉന്നത നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. സ്മാരകത്തിന് തീവച്ചതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴും പ്രതികള്‍ അതിന് തുനിയാതെ സംഭവം മറ്റുചിലരെ അറിയിക്കാനുള്ള തിരക്കിലായിരുന്നു. സ്മാരകത്തിനു തീവച്ച ശേഷം ഒരാള്‍ ഓടി മറയുന്നത് സമീപവാസിയായ സ്ത്രീ കണ്ടതായി മൊഴിയുണ്ടെന്നുമുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

Top