തിരുവന്തപുരം: എത്ര നേതാക്കള്‍ മാറിമാറി വന്നാലും കേരള ബിജെപിയെ പിടിമുറുക്കിയിരിക്കുന്ന ഗ്രൂപ്പിസത്തിനും തമ്മില്‍ തല്ലിനും അവസാനമാകില്ല. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് സ്വന്തന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പിപി മുകുന്ദനും എത്തിയിരിക്കുകയാണ്. ബിജെപിയുടെ പ്രതീക്ഷ നല്കുന്ന സീറ്റാണ് തിരുവനന്തപുരം അവിടെയാണ് ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ബിജെപിയുടെ മുന്‍ നേതാവ് പിപി മുകുന്ദന് എത്തിയിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കെതിരെയും കടുത്ത വിമര്‍ശനമാണ് മുകുന്ദന് ഉയര്‍ത്തിയത്. പിപി മുകുന്ദന് പിന്നില്‍ ബിജെയിലെ ഒരു വിഭാഗമാണ് കളിക്കുന്നതെന്നാണ് മറുഭാഗത്തിന്റെ ആരോപണം.
തിരുവനന്തപുരം മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. തന്നെ ശിവസേന പിന്തുണയ്ക്കും. മറ്റുചിലരും പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മുകുന്ദന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശബരിമല വിഷയം മുതലാക്കാനായില്ല. നിലപാടുകള്‍ പലതവണ മാറ്റി ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ സജീവമാകാനുള്ള മുകുന്ദന്റെ ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ല. താക്കോല്‍ സ്ഥാനങ്ങളില്‍ നിയോഗിക്കാമെന്ന വാഗ്ദാനങ്ങള്‍ നേതൃത്വം ഇനിയും പാലിച്ചിട്ടില്ല. ഇതോടെ ഏറെ നാളായി അദ്ദേഹം മാനസികമായി അകല്‍ച്ചയിലായിരുന്നു. നേരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന ഭീഷണി അദ്ദേഹം മുഴക്കിയിരുന്നു. പാര്‍ട്ടി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മുമ്പും മത്സരഭീഷണി മുഴക്കിയത്. അന്ന് ഒ.രാജഗോപാല്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് മുകുന്ദനെ പിന്തിരിപ്പിച്ചത്
2006ല്‍ ബിജെപി.യില്നിന്ന് പുറത്താകുമ്പോള്‍ ഉത്തരമേഖലാ സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ആര്.എസ്.എസ്. പ്രചാരകന് എന്നനിലയില്നിന്ന് പാര്‍ട്ടിയുടെ ചുമതലയിലേക്ക് മുകുന്ദന് നിയോഗിക്കപ്പെടുകയായിരുന്നു. ശക്തനായ നേതാവായിരിക്കേയാണ് പുറത്താക്കപ്പെട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി വലിയ സൗഹൃദം മുകുന്ദന് ഉണ്ടായിരുന്നു. കെ.കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്ന മുകുന്ദന് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കോ ലീ ബി സഖ്യം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളാണ്.
വി.മുരളീധരന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ മുകുന്ദനെ തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് എടുത്തത്. ഒരു ഘട്ടത്തില്‍ മിസ്സ്ഡ് കോള്‍ അടിച്ചു മുകുന്ദന് പാര്‍ട്ടിയില്‍ വരാമല്ലോ എന്ന് പരിഹസിക്കുകയും ചെയ്തു. മിസ്ഡ്കോള് വഴി പാര്‍ട്ടി അംഗത്വമെടുക്കേണ്ട കാര്യമില്ലെന്നും താനിപ്പോഴും അംഗമാണെന്നുമാണ് മുകുന്ദന് പ്രതികരിച്ചത്.
സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരന് നിയോഗിക്കപ്പെട്ടതോടെ മുകുന്ദന്റെ തിരിച്ചുവരവിന് വഴിതുറന്നു. കുമ്മനം മുകുന്ദനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുവെങ്കിലും തുടര്‍നടപടിയുണ്ടായില്ല. തിരിച്ചുവരവ് വൈകുന്നതില്‍ മുകുന്ദനും അസ്വസ്ഥനായിരുന്നു. തിരുവനന്തപുരത്തുനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പ് അന്നും മുകുന്ദന് നല്കി. ഇതിനിടെ മുകുന്ദന്റെ വരവ് കുമ്മനം സ്ഥിരീകരിച്ചു. സാധാരണ പ്രവര്‍ത്തകനായിട്ടായിരിക്കും മടങ്ങിവരുന്നതെന്നും ഭാരവാഹിത്വം നല്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. എന്നാല്‍ മുകുന്ദനെ പാര്‍ട്ടിയിലെത്തിക്കുന്ന കാര്യത്തില്‍ വീണ്ടും വിട്ടുവീഴ്ച്ച വന്നതോടെയാണ് തിരഞെടുപ്പടുത്തപ്പോള് വെല്ലുവിളിയുമായി രംഗത്തെത്തിയത്.