പാലക്കാട് :വീണ്ടും സിപിഎം പാർട്ടി നിലപാടിനെ വെട്ടിലാക്കി പാലക്കാട്ടെ സിപിഎം സ്ഥാനാർഥി പി സരിൻ . കോൺഗ്രസിൽ നിന്നും വന്ന സരിൻ പലപ്പോഴും പാർട്ടിയെ വെട്ടിലാക്കുന്ന പ്രതികരണങ്ങൾ കോൺഗ്രസുകാരനെ പോലെ നടത്താറുണ്ട് .പാലക്കാട്ടെ റെയ്ഡ് ഷാഫി പറമ്പിൽ തന്നെ ആസൂത്രണം ചെയ്ത നാടകമാണോയെന്ന് അന്വേഷിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. പോലീസിന് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സരിൻ ആവശ്യപ്പെട്ടു.
സിപിഎം-ബിജെപി ബന്ധം ആരോപിക്കാൻ ബോധപൂർവ്വം പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുത്തതാണോയെന്ന് അന്വേഷിക്കണം. പോലീസിന് എവിടെ നിന്നാണ് വിവരം ലഭിച്ചത്. ഇത് താത്കാലിക ലാഭത്തിന് വേണ്ടി പയറ്റിയ തന്ത്രമാണോ. മൂന്ന് തവണ ജയിച്ച എംഎൽഎയ്ക്ക് ആ മോഡ് ഓഫ് ഓപ്പറാന്റി അറിയാം.
വസ്തുതയ്ക്ക് വിരുദ്ധമായ രീതിയിൽ കാര്യങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നയാളാണ് പാലക്കാടിന്റെ മുൻ എംഎൽഎയായ ഷാഫി പറമ്പിൽ. അദ്ദേഹത്തിന്റെ ബുദ്ധിയിൽ ഉദിച്ചൊരു കാര്യമാണോ ഇതെന്ന് തള്ളിക്കളയാൻ സാധിക്കില്ല എന്ന് സരിൻ പറഞ്ഞു.
അതേസമയം സരിന്റെ നിലപാടല്ല സിപിഎമ്മിനെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സരിൻ അദ്ദേഹത്തിന്റെ മുൻകാല അനുഭവങ്ങൾ വെച്ചായിരിക്കും പറഞ്ഞത്. അവർ എന്തൊക്കെ കളിക്കുമെന്ന് സരിന് നല്ല ധാരണയുണ്ട്. സരിന്റെ വാക്കുകളുടെ അർത്ഥം ഏത് പണിയും ചെയ്യാൻ മടിയില്ലാത്തവരാണ് ഷാഫിയും കൂട്ടരും എന്നാണ്. ഷാഫി ഏതറ്റം വരേയും പോകുമെന്നും കള്ളക്കളികൾ കളിക്കുമെന്നും അറിയാം എന്നുകൂടി സരിൻ പറഞ്ഞിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു. ‘മണിയല്ല തുണിയാണെന്നൊക്കെയുള്ള പ്രചാരണം നടത്താൻ അപാര ബുദ്ധിയുള്ളവരാണ് ഷാഫി എന്നൊക്കെ എല്ലാവർക്കും അറിയാം. യുവജന പ്രസ്ഥാനത്തിന് തലപ്പത്ത് ഇവർ വന്നതോടെ എന്തൊക്കെ കള്ളങ്ങളാണ് സംസ്ഥാനത്ത് നടന്നത്. വ്യാജ ഐഡി കാർഡ് വിഷയം കണ്ടതല്ലേ, വടകരയിൽ വിവാദങ്ങൾ കണ്ടതല്ലേ. പാലക്കാട് ഇതും ഇതിന്റെ അപ്പുറവും നടക്കുമെന്ന് എല്ലാവർക്കും അറിയാം.
കള്ളപ്പണമാണെന്ന് കൊണ്ടുവന്നവർ സമ്മതിക്കുമോ? .ഞങ്ങൾ ഉറപ്പിച്ച് പറയുന്നു അവിടെ കള്ളപ്പണം എത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ കൈയ്യിൽ തെളിവില്ല. പക്ഷെ വിഷയം സമഗ്രമായി അന്വേഷിക്കണം. വിഡി സതീശൻ പറവൂരിലെ ആളുകളെ പറ്റിച്ച് നടന്നോട്ടെ, പക്ഷെ പാലക്കാട്ടെ ജനങ്ങളേയും പറ്റിക്കാമെന്ന മോഹവുമായി ഇങ്ങോട്ട് വരേണ്ട. എംബി രാജേഷിനെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒലത്തിക്കളയമെന്നാണ് പറഞ്ഞത്. അതൊന്നും പാലക്കാട്ടെ ഇടതുപക്ഷത്തോട് വേണ്ട. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിഡി സതീശൻ ഔദ്യോഗിക കാറിൽ എത്തി പാലക്കാട് കാല് വെക്കില്ല എന്ന് പറഞ്ഞാൽ വെക്കില്ല. വിഡി സതീശന്റെ ഓലപ്പാമ്പ് സിപിഎമ്മിനോടും രാജേഷിനോടും വേണ്ട. വിഡി സതീശനെ പോലൊരാളല്ല രാജേഷ്’, അദ്ദേഹം പറഞ്ഞു