കണ്ണൂർ :പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നല്കാത്തതിനെ തുടർന്നാണ് നടപടി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയത്
പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് പി ശശി ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇവര്‍ അസ്വസ്ഥരെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമം എന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ലെന്നും പി ശശി പറഞ്ഞു. സര്‍ക്കാരിനുള്ള പിന്തുണ കൂടുന്നു. ജനങ്ങളുടെ ശ്രദ്ധ ഇതില്‍ നിന്ന് തിരിച്ചു വിടണം. ഇത് ചര്‍ച്ച ചെയ്താല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായല്ലാതെ ആരും വോട്ട് ചെയ്യില്ല. ആ ശ്രദ്ധ തിരിച്ചുവിടാനായാണ് മറ്റു പലരുടെയും കയ്യില്‍ കളിക്കുന്ന കരുക്കളായി നില്‍ക്കുന്ന ഇതുപോലുള്ള ആളുകള്‍ ഈ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കത്തും പുറത്തുവിട്ടിരുന്നു. അതിലും ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.