
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള നിയമസഭയുടെ സ്പീക്കറായി ഇടതു മുന്നണിയുടെ സ്ഥാനാർഥി പി.ശ്രീരാമകൃഷ്ണെ തിരഞ്ഞെടുത്തു. 91 എംഎൽഎമാരുടെ പിൻതുണയുള്ള ഇടതു മുന്നണിയ്ക്കു രണ്ടു വോട്ട് അധികമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ കിട്ടിയത് രാഷ്ട്രീയ ചർച്ചയ്ക്കു തുടക്കമിട്ടിട്ടുണ്ട്. പ്രോടൈം സ്പീക്കറായിരുന്ന എസ്.ശർമ്മ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നിട്ടും രണ്ടു വോട്ട് ഇടതു മുന്നണിയ്ക്കു അധികമായി കിട്ടി.
ഇന്നലെ രാവിലെ ഒൻപതുമണിയോടെ നടന്ന തിരഞ്ഞെടുപ്പിൽ എസ്.ശർമ്മയായിരുന്നു പ്രോടൈം സ്പീക്കർ. ഇടതു മുന്നണി സ്ഥാനാർഥിയായി പി.ശ്രീരാമകൃഷ്ണൻ മത്സരിച്ചപ്പോൾ, വി.പി സജീന്ദ്രനായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്.
കുന്നത്തുനാട് എംഎൽഎയാണ് വി.പി. സജീന്ദ്രൻ. പൊന്നാനി എംഎൽഎയാണ് പി. ശ്രീരാമകൃഷ്ണൻ. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ല. സിപിഐയുടെ ചിറയിൻകീഴ് നിന്നുള്ള എംഎൽഎ വി. ശശിയാണ് എൽഡിഎഫിന്റെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥി. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് യുഡിഎഫ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സ്്പീക്കർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗം പി.സി ജോർജിന്റെയും, ബിജെപി അംഗം ഒ.രാജഗോപാലിന്റെയും വോട്ടുകൾ ആർക്കെന്ന ആശങ്കയായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ. എന്നാൽ, തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇടതു മുന്നണിക്കു ലഭിച്ച വോട്ട് വീണ്ടും ചർച്ചകൾക്കു വഴിവച്ചു. ഒരു അംഗം വോട്ട് ചെയ്യാതിരുന്നിട്ടും, ഇടതു മുന്നണിയ്ക്കു 92 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിനു ഒരു വോട്ട് കുറവാണ് ലഭിച്ചത്. ഇതു രാഷ്ട്രീയ ചർച്ചയ്ക്കു വഴിവയ്ക്കുമെന്നും ഉറപ്പായി,.