അഹമ്മദാബാദ്: ഒര്‍ജിനലിനെ വെല്ലുന്ന 2000 ത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ഗുജറാത്തിലെ ഒരു പാന്മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് ‘ഒറിജിനല്‍’ വ്യാജനോട്ട് ലഭിച്ചത്. നേരത്തെ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഫോട്ടോകോപ്പികള്‍ ഇറങ്ങിയിരുന്നെങ്കിലും ഇതാദ്യമാണ് രാജ്യത്ത് വ്യാജനോട്ട് പിടികൂടുന്നത്. പുതിയ നോട്ടുകള്‍ക്ക് വ്യാജനോട്ടുകള്‍ ഇറക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഗാന്ധി വാട്ടര്‍മാര്‍ക്ക്, ദേശീയ പതാക, വ്യാജ സെക്യൂരിറ്റി ത്രെഡ് എന്നിവയെല്ലാം കള്ളനോട്ടില്‍ ഉണ്ട്.
ജഡ്ജസ് ബംഗ്ലാ റോഡിലെ ഒരു ബാങ്ക്ശാഖയ്ക്ക് സമീപമാണ് വന്‍ഷ് ബറോട്ടിന്റെ പാന്മസാലക്കട. ബാങ്കില്‍ പണമെടുക്കാന്‍ വന്ന് ക്യൂനില്‍ക്കുന്നവര്‍ ഇവിടെ നിന്നാണ് വെള്ളവും മറ്റും കുടിക്കുന്നത്. ഇങ്ങനെ വന്ന ഒരാളില്‍ നിന്നാണ് നോട്ട് ലഭിച്ചത്. ആദ്യം സംശയം ഒന്നും തോന്നാത്തതിനാല്‍ നോട്ട് വാങ്ങി. വൈകിട്ട് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലാണ് ഇത് കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടത്.
യഥാര്‍ത്ഥ നോട്ടിനേക്കാള്‍ നീളവും വീതിയും കുറഞ്ഞതാണ് കള്ളനോട്ട് കണ്ടെത്താന്‍ സഹായിച്ചതെന്ന് വന്‍ഷ് പറയുന്നു. ഈ മാസം 17 നാണ് നോട്ട് തന്റെ പക്കല്‍ ലഭിച്ചത്. തന്റെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും നോട്ട് നല്‍കിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് 25 കാരനയ വന്‍ഷ് പറയുന്നു.
കള്ളനോട്ടും കള്ളപ്പണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ച് 2000 രൂപാ നോട്ടുകള്‍ ഇറക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും കള്ളനോട്ട് മേഖലയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവത്തിലൂടെ ലഭിക്കുന്നത്