വാഷിംഗ്ടണ്‍ : കൗമാര പ്രായത്തില്‍ താന്‍ മാനഭംഗത്തിനിരയായെന്ന് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ടെലിവിഷന്‍ താരം പത്മാലക്ഷ്മി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് അവര്‍ തനിക്ക് നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. 16ാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി വെളിപ്പെടുത്തിയത്.
ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സില്‍, ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാര്‍ഥിയുമായി അടുപ്പത്തിലായിരുന്നു. ലോസ് ആഞ്ചലീസിലെ ഒരു മാളിലെ പാര്‍ട് ടൈം ജീവനക്കാരിയായിരുന്നു അന്ന് ഞാന്‍. ബന്ധം ആരംഭിച്ച് കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരുദിവസം ഉറങ്ങിക്കിടക്കുമ്പോള്‍ അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുപ്പതുവര്‍ഷം മുമ്പ് ഒരു പുതുവത്സരരാത്രിയിലായിരുന്നു സംഭവം.
പിന്നീട് അയാള്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഞാന്‍ വല്ലാത്ത ഷോക്കിലായിരുന്നു. ഞാന്‍ ആ സംഭവത്തെ കുറിച്ച് ആരോടു പറഞ്ഞില്ല. അമ്മയോടു പോലും. സുഹൃത്തുക്കളോടും പോലീസിനോടും പറഞ്ഞില്ല- പത്മാ ലക്ഷ്മി ലേഖനത്തില്‍ പറയുന്നു.
ആ സംഭവത്തിനു ശേഷം താനാണ് തെറ്റുകാരിയെന്ന ചിന്ത മനസ്സില്‍ രൂപപ്പെട്ടതിനെ കുറിച്ചും പത്മാലക്ഷ്മി പറയുന്നു. 1980 കളില്‍ ഡേറ്റ് റേപ്പിനെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഭാഷയുണ്ടായിരുന്നില്ല. നീ അവന്റെ അപ്പാര്‍ട്മെന്റില്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് മുതിര്‍ന്നവര്‍ ചോദിച്ചേക്കുമെന്ന് ഞാന്‍ ഭയന്നു.
ആ സംഭവത്തെ ബലാത്സംഗമെന്നാണോ ലൈംഗിക ബന്ധമെന്നാണോ കണക്കാക്കേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നാല്‍ അയാള്‍ക്കു ശേഷം പിന്നീടുണ്ടായ ആണ്‍സുഹൃത്തുക്കളോട് താന്‍ കന്യകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വൈകാരികമായി ഞാന്‍ കന്യക തന്നെയായിരുന്നു- പത്മാ ലക്ഷ്മി ലേഖനത്തില്‍ പറയുന്നു
ഏഴാമത്തെ വയസ്സില്‍ അടുത്ത ബന്ധുവില്‍നിന്ന് ലൈംഗിക അതിക്രമമുണ്ടായി. അതേക്കുറിച്ച് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞു. അപ്പോള്‍ അവര്‍ ചെയ്തത് ഇന്ത്യയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് എന്നെ അയക്കുകയായിരുന്നു. അതില്‍നിന്നുള്ള പാഠം ഇതാണ്: നിങ്ങള്‍ പ്രതികരിച്ചാല്‍ നിങ്ങള്‍ പുറത്താക്കപ്പെടും- തനിക്കു നേരെയുണ്ടായ ആദ്യ ലൈംഗിക അതിക്രമത്തെ കുറിച്ച് ലേഖനത്തില്‍ പത്മാ ലക്ഷ്മി പറയുന്നത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നാമനിര്‍ദേശം ചെയ്ത ബ്രെറ്റ് കവനോവിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പത്മാ ലക്ഷ്മിയുടെ ലേഖനം.