തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച് സംഘപരിവാര സംഘടനയില്‍ നിന്ന് സിപിഎമ്മിലേക്കും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ പഴയ പാളയത്തിലെത്തുകയും ചെയ്ത ജി പത്മകുമാര്‍ കടുത്ത ഭീഷണിയ്ക്ക് വിധേയമായതായി സൂചന. നാലു പതിറ്റാണ്ടോളം കാലം സംഘപരിവാര സംഘടനകളുടെ തലപ്പത്തിരുന്ന പത്മകുമാറിനെ ബ്ലാക്‌മെയില്‍ ചെയ്താണ് വീണ്ടും പഴയപാളയത്തിലെത്തിച്ചതെന്നാണ് സിപിഎം നേതൃത്വം വിശ്വസിക്കുന്നത്. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വന്‍ പൊതുയോഗത്തില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്ന പത്മകുമാര്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് ബിജെപി വേദിയിലെത്തി തെറ്റു ഏറ്റുപറഞ്ഞത്.
ഇന്നലെ തിരുവനന്തപുരത്ത് കെ.റ്റി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുത്താണ് സിപിഎമ്മിനെ അദ്ദേഹം തള്ളിപ്പറഞ്ഞത്. കരുതലോടെ നടത്തിയ ആര്‍എസ്എസ് നീക്കമാണ് പത്മകുമാറിനെ വീണ്ടും ബിജെപിക്കാരനാക്കിയത്.
ബിജെപി നേതാക്കള്‍ പലരും കളം മാറി സിപിഎമ്മില്‍ എത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ഇടപെടല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ നേതൃത്വത്തിലിരുന്ന ആര്‍ എസ് എസിന്റെ പ്രചാരക സ്ഥാനം വഹിച്ച നേതാവ് സിപിഎം പക്ഷത്ത് എത്തുന്നതിനെ അംഗീകരിക്കാന്‍ ആര്‍എസ്എസിന് കഴിയുമായിരുന്നില്ല. എന്തു വന്നാലും പത്മകുമാറിനെ സിപിഎമ്മിന് വിട്ടുകൊടുക്കരുതെന്ന് ആര്‍എസ്എസിലെ കണ്ണൂര്‍ നേതാക്കള്‍ നിലപാട് എടുത്തതാണ് കാര്യങ്ങളെ മാറ്റമറിച്ചത്.
തിരുവനന്തപുരത്തെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിരുവനന്തപുരത്തെ പരിവാര്‍ നേതൃത്വവുമായി പത്മകുമാറിനെ അകറ്റിയത്. കടുത്ത പ്രതിസന്ധിയിലേക്ക് പത്മകുമാര്‍ എത്തി. പത്മകുമാറിന്റെ അടുത്ത ബന്ധുവിന് ആര്‍എസ്എസ് നിയന്ത്രണത്തിലെ അനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലിയുണ്ട്. താല്‍കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതിനിടെ ചില കേസുകളും വന്നു. ഇതിനെല്ലാം പിന്നില്‍ ബിജെപിയിലെ ചില നേതാക്കളായിരുന്നു. ഇത് മനസ്സിലാക്കിയാണ് നേതൃത്വവുമായി പത്മകുമാര്‍ അകന്നത്. തക്ക സമയം നോക്കി സിപിഎം നേതൃത്വം ഇടപെടല്‍ നടത്തി. അങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു കാലത്ത് ആര്‍എസ്എസ് മുഖമായിരുന്ന പത്മകുമാര്‍ സിപിഎമ്മിലേക്ക് അടുക്കുന്നത്. ഒരു മാസത്തിലധികം ചര്‍ച്ചയാണ് ഇതിന് പിന്നില്‍ നടന്നത്. അതിന് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ അന്ന് പറഞ്ഞതെല്ലാം തിരുത്തി പറയുകയാണ് പത്മകുമാര്‍ ചെയ്തത്. ഇതോടെ സിപിഎം ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലുമായി.
സിപിഎമ്മില്‍ ചേരാന്‍ പത്മകുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചത് വലിയ സംഭവമായി ചിത്രീകരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് നൂറു കണക്കിന് ആര്‍എസ്എസുകാര്‍ പാര്‍ട്ടിയിലേക്ക് ഉടന്‍ വരുമെന്നും പ്രചരിപ്പിച്ചു. അതിന് തിരിച്ചടി നല്‍കാനായിരുന്നു ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ ബിജെപി വേദിയിലേക്ക് പത്മകുമാറിനെ കൊണ്ടു വന്നത്. വേദിയിലുണ്ടായിരുന്ന എംഎല്‍എ കൂടിയായ രാജഗോപാലിന് പോലും ഈ നീക്കത്തെ കുറിച്ച് അറിയില്ലായിരുന്നു. അതീവ രഹസ്യമായി ആര്‍എസ്എസ് നടത്തിയ നീക്കമായിരുന്നു ഇത്. കണ്ണൂരിലെ ചില പ്രധാന നേതാക്കള്‍ ഇതിനായി തിരുവനന്തപുരത്ത് എത്തി. പത്മകുമാറിനെ വ്യക്തിപരമായി അടുത്തറിയാവുന്ന നേതാക്കളായിരുന്നു അവര്‍. കണ്ണൂരിലെ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് സിപിഎമ്മില്‍ ചേരരുതെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്നും അറിയിച്ചു. ഈ നേതാക്കളുടെ വ്യക്തിപരമായ ഇടപെടലാണ് പത്മകുമാറിനെ വീണ്ടും സംഘപരിവാറിന്റെ ഭാഗമാക്കുന്നത്.
ആര്‍എസ്എസിലെ ഏറ്റവും പ്രധാന സ്ഥാനമാണ് കണ്ണൂര്‍ വിഭാഗ് പ്രചാരക്. ആ സ്ഥാനത്തിരുന്ന നേതാവ് സിപിഎമ്മിലേക്ക് പോകുന്നത് തെറ്റായ സന്ദേശം നല്‍കും. ഇതിനെ ആഘോഷമാക്കി പലരേയും അടര്‍ത്തിയെടുക്കാന്‍ സിപിഎം ശ്രമിക്കും.
സംഘസംഘടനകളെ തള്ളിപണറഞ്ഞ പത്മകുമാറിനെ തിരികിയെത്തിയില്ലെങ്കില്‍ വന്‍ കുടുക്കിലാക്കുമെന്ന ഭീഷണികളാണ് ആത്മാഭിമാനം പണയം വച്ചും തിരിച്ചുപോക്കിന് പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. ഒരുമാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പത്മകുമാര്‍ സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ എടുത്ത തീരുമാനം മാറ്റേണ്ടി വരികയും ചെയ്തു.