അതിര്‍ത്തിയില്‍ പാക് വ്യോമാക്രമണം; പാകിസ്താന്‍ വിമാനം വെടിവെച്ച് വീഴ്ത്തി; രണ്ട് ഇന്ത്യന്‍ യുദ്ധ വിമാനം തകര്‍ന്നു

ശ്രീനഗര്‍: പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബോംബ് വര്‍ഷിച്ചു. ഇന്ത്യാ പ്രത്യാക്രമണം തുടങ്ങിയതോടെ വിമാനങ്ങള്‍ മടങ്ങി. ഒരു പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഒരു ഇന്ത്യന്‍ വിമാനം പാക് സേന വെടിവെച്ചിട്ടെന്നും ഒരു സൈനീകനെ അറസ്റ്റ് ചെയ്തതായും പാക് പട്ടാള മേധാവി അവകാശപ്പെട്ടു.

ഇതിനിടെ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരില്‍ തകര്‍ന്നുവീണുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം വിളിച്ചു. ഏതായാലും അടിയന്തിര സാഹചര്യം പരിഗണിച്ച് ശ്രീനഗര്‍, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളില്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യോമസേനയുടെ ജെറ്റ് വിമാനമാണ് ജമ്മുവില്‍ തകര്‍ന്നുവീണത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതേയുള്ളൂ. വിമാനം രണ്ടായി പിളര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു. പാക് ആക്രമണത്തിലാണോ വിമാനം തകര്‍ന്നതെന്ന് വ്യക്തമല്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുദ്ഗാം മേഖലയില്‍ രാവിലെ 10.05നാണ് ഇന്ത്യന്‍ സൈനിക ജെറ്റ് വിമാനം തകര്‍ന്നുവീണത്. ഗാരെന്റ് കലാന്‍ ഗ്രാമത്തെ ഒരു കൃഷിസ്ഥലത്താണ് വിമാനം വീണ് കത്തിയമര്‍ന്നത്. രണ്ടായി പിളര്‍ന്ന് വീഴുകയായിരുന്നു വിമാനമെന്നും ഉടനെ തീ പിടിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് പൈലറ്റുമാരുടേതാണെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഏതാണ്ട് സമാനമായ സമയത്താണ് പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാനും ശ്രമിച്ചത്. രണ്ടു സംഭവങ്ങളുമായും പരസ്പരം ബന്ധമുണ്ടോ എന്നും ഇരു രാജ്യങ്ങളുടേയും പോര്‍വിമാനങ്ങള്‍ തമ്മില്‍ ആക്രമണം നടന്നോ എന്നും വ്യക്തമല്ല. പാക് അതിര്‍ത്തിയില്‍ പാക് വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചുവെന്ന വിവരം വന്നതോടെ തന്നെ ഇരു രാജ്യങ്ങളും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ഏതായാലും സ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേതൃത്വത്തില്‍ അടിയന്തിര യോഗം ചേരുകയാണ്. മൂന്ന് സേനകളുടേയും മേധാവികളും യോഗത്തില്‍ പങ്കെടുക്കുന്നു.

ഏതായാലും പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചെന്നും ഇതിനെ ഇന്ത്യ ചെറുത്തുവെന്നും ആണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിനിടെയാണ് ഇന്ത്യന്‍ വിമാനം തകര്‍ന്നുവെന്ന വിവരവും വന്നത്. അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ചുദിവസമായി പാക് കരസേന നടത്തിവന്ന മോര്‍ട്ടാര്‍-ഷെല്‍ ആക്രമണവും വെടിവയ്പ്പും ഇന്നലെയും ഇന്നും കനത്ത തോതില്‍ തുടരുകയാണ്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഇന്ന് വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക് വിമാനങ്ങള്‍ ശ്രമിച്ചത്.

ജമ്മുകാശ്മീരിലെ ബുദ്ഗാം മേഖലയില്‍ ആണ് ഇന്ത്യന്‍ സൈനിക വിമാനം തകര്‍ന്നുവീണതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഏത് മേഖലയിലാണ് പാക് വ്യോമസേന ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതെന്ന കാര്യങ്ങളും സൂചനകളായാണ് പുറത്തുവരുന്നത്. പാക് വിമാനങ്ങളെ തുരത്തി ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് മൂന്ന് പാക് വിമാനങ്ങളും അതിര്‍ത്തിയില്‍ ബോംബു വര്‍ഷിച്ചത്. എത്രമാത്രം നാശനഷ്ടം ആക്രമണം മൂലം ഉണ്ടായതെന്ന് വ്യക്തമല്ല.

അതിനിടെ അതിര്‍ത്തിയില്‍ വലിയ വെടിവയ്പാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് ശക്തമായത്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. 51 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം. ഇതേസമയം ഷോപിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തി. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ യുദ്ധ സമാനമാണ്. എന്തിനും തയ്യാറായി കരസേനയും നാവിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ സംഘര്‍ഷം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലോകരാജ്യങ്ങളും രംഗത്ത് വന്നു. വ്യോമസേനയുടെ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും ഇനി കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നാണ് ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന. കാശ്മീര്‍ അതിര്‍ത്തിയിലെ കാര്യങ്ങള്‍ പ്രവചനാതീതമാണ്. ഏത് നിമിഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയും ഐക്യരാഷ്ട്ര സഭയും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതിനിടെയിലും പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ബാലാകോട്ടിലെ ആക്രമണം പാക്കിസ്ഥാനെതിരെ അല്ലെന്നും ഭീകരര്‍ക്കെതിരെയാണെന്നും ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് അതിര്‍ത്തിയില്‍ പാക് ഭീകരത തുടരുന്നത്.

Top