സ്വന്തം ലേഖകൻ
കാശ്മീർ: അതിർത്തിയിൽ തോക്കുകൾ തമ്മിൽ തീതുപ്പി രണ്ടു രാജ്യങ്ങളെ രണ്ടു ധ്രുവങ്ങളിൽ എത്തിച്ച സാഹചര്യത്തിൽ അതിർത്തിയിൽ നിന്നു നന്മയുടെ കഥയുമായി ഇന്ത്യൻ സൈന്യം. ഇന്ത്യൻ അതിർത്തി തിരിച്ചറിയാതെ തെറ്റായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ സ്വദേശിയായ പതിനാലുകാരനെ തിരികെ മാതൃരാജ്യത്ത് എത്തിച്ച് യുദ്ധത്തിനപ്പുറം മനുഷത്വത്തിന്റെ നേർസാക്ഷ്യമായി ഇന്ത്യൻ സൈന്യത്തിന്റെ നീക്കം. പാക്കിസ്ഥാനിലെ പതിനാലുകാരനായ മുഹമ്മദ് തൻവീറെന്ന വിദ്യാർത്ഥിയാണ് കാലികളെ മേയ്ക്കുന്നതിനിടെ വഴി തെറ്റി ഇന്ത്യൻ അതിർത്തിയിലേയ്ക്കു നാനൂറുമീറ്റർ കടന്നു വന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം കാശ്മീരിലെ യുദ്ധമേഖലയിലായിരുന്നു സംഭവം. അതിർത്തി കടന്നെത്തിയ പതിനാലുകാരനെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് അധികൃതരാണ് പിടികൂടിയത്. പാക്കിസ്ഥാൻ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞതോടെ അധികൃതർ വിദ്യാർഥിയെ പിടികൂടി ചോദ്യം ചെയ്തു. ആദ്യ അതിർത്തി കടന്നു നടന്നു വന്ന കുട്ടി ഇന്ത്യൻ അതിർത്തിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു സൈനികർ കുട്ടിയെ ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഇന്ത്യൻ സൈനികരെ കണ്ടതും ഭയന്നു വിറച്ച കുട്ടി കരയാൻ തുടങ്ങി. തുടർന്നു സൈനികർ ഇവനു വേണ്ട ഭക്ഷണവും വെള്ളവും അടക്കമുള്ളവ നൽകി. തുടർന്നു കുട്ടിയെ വിശദമായി ചോദ്യം ചെയ്തു.
കാലിയെ മേയ്ക്കാൻ എത്തിയതാണെന്നും, കൂട്ടം തെറ്റിയ ആടിനെ കണ്ടെത്തുന്നതിനായി കമ്പിവേലി നൂണ്ടു കടന്നപ്പോൾ ഇന്ത്യൻ അതിർത്തി കടന്നു പോകുകയായിരുന്നെന്നും കുട്ടി പട്ടാളത്തോടു വെളിപ്പെടുത്തി. എന്നാൽ, ഇന്ത്യൻ സൈനികൻ ചന്ദു ബാബുലാൽ ചവാനെ പാക്ക് സൈനികർ തടവിൽ വച്ചിരിക്കുകയാണ്. ഈ സൈനികനെ വിട്ടു നൽകായാൽ മാത്രം കുട്ടിയെ തിരികെ അയച്ചാൽമതിയെന്നു ഒരു വിഭാഗം സൈനികർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനോടു യോജിക്കാൻ ഉന്നത സൈനിക മേധാവികൾ തയ്യാറായില്ല. തുടർന്നു പാക്കിസ്ഥാൻ സൈനിക അതിർത്തിയിൽ എത്തി സമാധാന സന്ദേശം നൽകിയ ശേഷം കുട്ടിയെ കൈമാറുകയാിരുന്നു. നിറകണ്ണുകളോടെ ഇന്ത്യൻ സൈനികർക്കു നേരെ കൂപ്പൂകൈയോടെയാണ് കുട്ടി അതിർത്തി കടന്നത്.