പാക്ക് ചാരനെന്ന് സംശയം ;ഇന്ത്യയില്‍ വിഡിയോ ഗ്രാഫറായി ജോലി ചെയ്തിരുന്ന പാക്കിസ്ഥാന്‍ യുവാവ് അറസ്റ്റില്‍

ലഖ്നൗ: ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട രേഖകളുമായി പാക്ക് ചാരനെന്ന് സംശയിക്കുന്ന യുവാവ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. ഇസ്‌ലാമാബാദ് സ്വദേശിയായ മുഹമ്മദ് ഇജാസാണ് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും സൈനിക നീക്കങ്ങളും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് ഐജി സുജിത് പാണ്ഡെ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പാക്കിസ്ഥാനിലുള്ള ഇയാളുടെ മേലധികാരിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
2013 ജനുവരിയിലാണ് ഇയാള്‍ പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലദേശിലെത്തുന്നത്. അതേവര്‍ഷം ഫെബ്രുവരി 9ന് ബംഗ്ലദേശില്‍ നിന്ന് ഇന്ത്യയിലുമെത്തി. പാക്കിസ്ഥാനില്‍വച്ച് ഐഎസ്ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇയാളില്‍ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ രേഖകളെല്ലാം വച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു ഇയാള്‍ ബാങ്ക് അക്കൗണ്ടും സംഘടിപ്പിച്ചിരുന്നു.

ബംഗ്ലദേശില്‍ നിന്ന് പശ്ചിമ ബംഗാളില്‍ എത്തിയ ഇജാസ് ഇവിടെ ഒരു വിഡിയോ ഗ്രാഫറായാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് ഒരു ബിഹാര്‍ യുവതിയെ വിവാഹവും കഴിച്ചിരുന്നു. അതിനു ശേഷമാണ് ഇയാള്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top