പാകിസ്ഥാനുമായി 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാര്‍ സൗദി അറേബ്യ ഒപ്പിട്ടു . ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് കരാര്‍ പ്രഖ്യാപിച്ചത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യയോടൊപ്പം ഭൂരിഭാഗം ലോക രാജ്യങ്ങളും അംഗീകരിച്ച സാഹചര്യത്തില്‍ എല്ലവരും ഉറ്റുനോക്കിയ സന്ദര്‍ശനമായിരുന്നു സല്‍മാന്‍ രാജാകുമാരന്റേത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രിയോടെ പാകിസ്ഥാനിലെ റാവല്‍പിണ്ടിയലുള്ള സൈനീക വിമാനത്താവളത്തിലിറങ്ങിയ സൗദി കിരീടാവകാശിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, സൈനീക തലവന്‍ ജാവേദ് ബജ്‌വയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ 20 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത്. പാകിസ്ഥാന്റെ എറ്റവും അടുത്ത സുഹൃത്താണ് സൗദി അറേബ്യയെന്നും സഹായം വേണ്ട സമയത്ത് സൗദി പാകിസ്ഥാന്റെ ഒപ്പം നിന്നിട്ടുണ്ടെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന് സഹായം പ്രഖ്യാപിച്ച സൗദി അറേബ്യയുടെ നിലപാട്, ഇന്ത്യയും സൗദിയുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുന്നതിനോടൊപ്പം മറ്റ് ലോകരാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ നയതന്ത്ര ബന്ധങ്ങളിലും നിര്‍ണായക മാറ്റമുണ്ടാക്കാന്‍ കാരണമാകും. ഇത് ഒരു തുടക്കം മാത്രമാണെന്നും വരുന്ന മാസങ്ങളില്‍ തന്നെ പാകിസ്ഥാനുമായി കൂടുതല്‍ കരാറുകളില്‍ ഒപ്പിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
പാകിസ്ഥാനുമായി കരാറൊപ്പിട്ട് സൗദി അറേബ്യ; സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും പ്രഖ്യാപനം
Tags: pakistan and saudi