ന്യൂഡല്‍ഹി: ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടതിന് പിന്നാലെ പ്രകോപനവുമായി പാകിസ്താന്‍. ഇന്ത്യയും പാകിസ്താനും തന്ത്രപ്രധാനമായി കരുതുന്ന സിയാച്ചിന്‍ ഹിമാനിക്കുമുകളില്‍ കൂടി യുദ്ധവിമാനങ്ങള്‍ പറത്തിയാണ് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചത്.
ഇന്ത്യയുടെ ആക്രമണത്തിനുള്ള മറുപടിയെന്ന നിലയിലാണ് പാകിസ്താന്‍ യുദ്ധവിമാനം പറത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. സകര്‍ദു ഫോര്‍വേര്‍ഡ് ഓപ്പറേഷന്‍ ബേസില്‍ നിന്നാണ് യുദ്ധവിമാനങ്ങള്‍ എത്തിയത്.
പാക് വ്യോമസേനാ തലവന്‍ എയര്‍ ചീഫ് സൊഹൈല്‍ അമന്‍ ആണ് യുദ്ധാഭ്യാസത്തിന് സമമായ പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം വിമാനം പറത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. ശത്രുവിന്റെ ഭാഗത്തുനിന്നുള്ള ഏത് കടന്നുകയറ്റത്തിനോടുമുള്ള പാകിസ്താന്റെ മറുപടി അടുത്ത തലമുറവരെ ഓര്‍മിക്കുന്നതായിരിക്കുമെന്ന് സാഹൈല്‍ അമന്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.