മുറിവേല്‍ക്കുന്ന പട്ടാളക്കാരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ കാല്‍ഭാഗത്തോളം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സന്ദേശം; സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കാനും ബങ്കറുകള്‍ ഒരുക്കാനും നിര്‍ദ്ദേശം : ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് പാകിസ്താനില്‍ ഹൈ അലര്‍ട്ട്

ഇസ്ലാമാബാദ്: ഭീകരാക്രമത്തിനുശേഷം ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്ക് തയ്യാറെടുത്തതോടെ പാകിസ്താന്‍ സൈന്യവും സര്‍ക്കാരും കടുത്ത ജാഗ്രതയില്‍. സൈനിക കേന്ദ്രങ്ങള്‍ക്ക് പകരം പാകിസ്താനെ നേരിട്ട് ഇന്ത്യ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന ആശങ്കയിലാണ് പാകിസ്താന്‍. എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധത്തെ നേരിടാനുള്ള സനാഹത്തിലേക്ക് പാകിസ്താനും നീങ്ങി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ സൈനിക ആശുപത്രികള്‍ക്ക് ഉള്‍പ്പെടെ യുദ്ധം ഉണ്ടായാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പാക് ഗവണ്‍മെന്റ്. അപ്രതീക്ഷിതമായ തിരിച്ചടി വളരെ ശക്തമായിരിക്കുമെന്ന് പാകിസ്താന്‍ കണക്കൂകൂട്ടുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയായിരുന്നു പാക് പ്രധാനമന്ത്രി. ഇത്തരത്തില്‍ ഇമ്രാന്‍ ഖാന്‍ പ്രസ്താവനയിറക്കി മണിക്കൂറുകള്‍ക്കകം തന്നെ ആശുപത്രികളോടും അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറാവാന്‍ നിര്‍ദേശമെത്തി. അടിയന്തരമായി പാക് കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശം. ഇന്ത്യയുമായി യുദ്ധം ഏതുനിമിഷവും ഉണ്ടാകാമെന്നും പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങണമെന്നും ആണ് ആശുപത്രികള്‍ക്ക് പാക് സേന നിര്‍ദ്ദേശം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് പാക് കരസേന ആശുപത്രികള്‍ക്ക് കത്ത് നല്‍കികഴിഞ്ഞു. യുദ്ധമുണ്ടായാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ഉള്‍ക്കൊള്ളാന്‍ എല്ലാ ആശുപത്രികളും സജ്ജമാകണമെന്നും സൈനികര്‍ക്കായി കുറഞ്ഞത് 25 ശതമാനം സ്ഥലമെങ്കിലും ഓരോ ആശുപത്രിയും മാറ്റിവെക്കണെമന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഏതായാലും അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോടും ജാഗ്രതപാലിക്കാനും പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് അധീന കാശ്മീരിലെ ജനങ്ങളോടാണ് നിര്‍ദ്ദേശം. രാത്രി ലൈറ്റുകള്‍ പരമാവധി ഓണ്‍ ചെയ്യാതിരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാനും ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെട്ട് ഒളിക്കാന്‍ താല്‍ക്കാലിക ബങ്കറുകള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന് പുല്‍വാമ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം എ്ന്ന് പാക്കിസ്ഥാന്‍ ഭയക്കുന്നു.

ഇന്നലെയാണ് പാക് അധീന കാശ്മീരിലെ സിവില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ സന്ദേശം എത്തിയത്. ഭിംബെര്‍, നീലം, റാവല്‍കോട്ട്, ഹവേലി, കോട്ലി, ഝലം എന്നീ മേഖലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ ആര്‍മി എന്തെങ്കിലും അക്രമം കാണിക്കും എന്ന തരത്തിലാണ് സന്ദേശം. 2016ല്‍ ഉറി സംഭവം ഉണ്ടായതിന് പിന്നാലെ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം പാക്കിസ്ഥാനെ വിറപ്പിച്ചിരുന്നു. സമാനമായ രീതിയിലോ മറ്റേതെങ്കിലും തരത്തിലോ ഒരു ആക്രമണം ഉടന്‍ പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ്ഇതിന്റെ പ്രതിഫലനമെന്നോണമാണ് മുന്നൊരുക്കങ്ങള്‍.

മറ്റൊരു സമാന സംഭവത്തില്‍ അന്താരാഷ്ട്ര തലത്തിലും പാക്കിസ്ഥാന് വലിയൊരു സാമ്പത്തിക തിരിച്ചടി ഇന്നുണ്ടായി. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്ന് ബോധ്യമായ സാഹചര്യത്തില്‍ അന്തര്‍ദേശീയ സംവിധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ് എ ടി എഫ്) പാക്കിസ്ഥാനെ ഇക്കുറിയും ഗ്രേലിസ്റ്റില്‍ തന്നെ നിര്‍ത്തി. ഇതോടെ മറ്റു രാജ്യങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നകാര്യത്തില്‍ പാക്കിസ്ഥാന് കടുത്ത നിയന്ത്രണം തുടരും.

Top