ഇസ്ലാമാബാദ്: പാകിസ്താനിലെ ഹിന്ദുക്കളുടെ ഏറെകാലത്തെ ആവശ്യം ഒടുവില്‍ യാത്ഥാര്‍ത്ഥ്യമാകുന്നു.
തലസ്ഥാന ഗനരിയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ പാക്സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനോട് അനുബന്ധിച്ച് ഹിന്ദു സാംസ്‌കാരിക കേന്ദ്രവും ശ്മശാനവും നിര്‍മ്മിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഏറെക്കാലമായി മേഖലയിലെ ഹിന്ദുസമൂഹം ഉന്നയിക്കുന്ന ആവശ്യമാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
ഇതിനായി അരയേക്കര്‍ സ്ഥലം ഇസ്ലാമാബാദ് നഗരവികസന സമിതി നല്‍കും .എണ്ണൂറോളം ഹിന്ദുക്കളാണു നഗരത്തിലുള്ളത്. ക്ഷേത്രം ഇല്ലാത്തതിനാല്‍ ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ വീടുകളിലാണു നടത്തുന്നത്. സംസ്‌കാരം നടത്താന്‍ ശ്മശാനം ഇല്ലാത്തതിനാല്‍ റാവല്‍പിണ്ടിയിലോ മറ്റു സ്ഥലങ്ങളിലോ മൃതദേഹം കൊണ്ടുപോകേണ്ടി വരുന്നു.ബുദ്ധസമൂഹത്തിനു സ്ഥലം നല്‍കിയതിനോടു ചേര്‍ന്നാണു ഹിന്ദുക്കള്‍ക്കും സ്ഥലം നല്‍കുന്നത്.
ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പാക് പാര്‍ലമെന്ററി കമ്മിറ്റി ജൂലായ് 4ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇതുവരെ അധികൃതര്‍ ഹിന്ദു ആരാധനാലയത്തിന് രാജ്യതലസ്ഥാനത്ത് അനുമതി നല്‍കാതിരുന്നത്. ട്വിന്‍ സിറ്റീസായ ഇസല്‍മാബാദിലേയും റാവല്‍ പിണ്ടിയിലേയും ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി എത്താന്‍ സദ്ദാറില്‍ ഒരു കൃഷ്ണ ക്ഷേത്രം നിലവിലുണ്ട്.
റാവല്‍പിണ്ടിയുടെ പരിസരങ്ങളില്‍ ചില ചെറു ക്ഷേത്രങ്ങളുമുണ്ട്. അതേസമയം, ഇസല്‍മാബാദില്‍ ഇത്തരത്തില്‍ ഹിന്ദു ആരാധനലായം നിര്‍മ്മിക്കുന്നതിന് നേരത്തേ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്.
ഏതായാലും പാക് സര്‍ക്കാര്‍ ഒടുവില്‍ ഹിന്ദു ക്ഷേത്രവും സാംസ്‌കാരിക കേന്ദ്രവും ശ്മശാനവും നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയതിനെ ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്തു. ഒടുവില്‍ പാക്കിസ്ഥാന് നല്ലബുദ്ധി തോന്നിത്തുടങ്ങിയെന്നും ഇതിന്റെ ലക്ഷണമാണ് ക്ഷേത്രത്തിന് അവിടെ അനുമതി നല്‍കിയതെന്നും ഇന്ത്യയിലെ സംഘടനാ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു.