കുല്‍ഭൂഷണ്‍ ജാദവ് കേസിലെ തിരിച്ചടിക്ക് പിന്നാലെ പുതിയ നയതന്ത്ര നീക്കവുമായി പാകിസ്താന്‍. നേപ്പാളില്‍വെച്ച് കാണാതായ പാക് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിന്റെ വിവരങ്ങളാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചു. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുഹമ്മദ് ഹബീബ് സാഹിറിനെ കാണാതായത്.
കുല്‍ഭൂഷണിനെ പിടികൂടിയതിനു പകരം ഇന്ത്യ ഹബീബിനെ തട്ടിക്കൊണ്ടുപോയെന്നാണ് ഇതുവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രഹസ്യമായി പറഞ്ഞിരുന്നത്. എന്നാല്‍, ഇസ്‌ലാമാബാദ് ഔദ്യോഗികമായി ഇന്ത്യയോട് ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നത് ആദ്യമാണ്. ഹബീബിനെക്കുറിച്ചു യാതൊരു വിവരവും തങ്ങളുടെ പക്കലില്ലെന്ന് ഇന്ത്യ അറിയിച്ചു.
അതേസമയം, ഹബീബ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ കസ്റ്റഡിയിലാണെന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹബീബ്, കാഠ്മണ്ഡുവില്‍നിന്ന് ലുംബിനിയില്‍ എത്തിയപ്പോഴാണ് കാണാതായത്. നേപ്പാളിലെ യുഎന്‍ ഏജന്‍സിയില്‍ ജോലിക്ക് അവസരമുണ്ടെന്ന് പറഞ്ഞാണ് ഹബീബ് പോയതെന്നു വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍, ഐഎസ്‌ഐയുടെ രഹസ്യദൗത്യവുമായാണ് ഹബീബ് നേപ്പാളില്‍ എത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.
ചാരവൃത്തി ആരോപിച്ചു കുല്‍ഭൂഷണ്‍ ജാദവിന്് സൈനിക കോടതി വധശിക്ഷ വിധിച്ചതും രാജ്യാന്തര കോടതി വിധി റദ്ദാക്കിയതും പാക് സര്‍ക്കാരിന് നാണക്കോടുണ്ടാക്കിയ സാഹചര്യത്തിലാണ് ഹബീബ് കേസ് രാജ്യാന്തര ശ്രദ്ധയിലേക്കു വരുന്നത്. ഇന്ത്യയില്‍ ചാരവൃത്തിയുടെ പേരില്‍ പിടിക്കപ്പെടുന്ന പാക് പൗരന്മാരുടെ കേസുകള്‍ കുത്തിപ്പൊക്കാനുള്ള പാക് നീക്കത്തിന്റെ തുടക്കമാണിതെന്നാണ് നിഗമനം.