ന്യൂഡല്‍ഹി: ഇന്ന് വിപണിയിലിറങ്ങിയ 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ അതീവ സുരക്ഷാ കോഡുകള്‍ ഉള്‍പ്പെടുന്നവയാണെന്ന് റിപ്പോര്‍ട്ട്. ഓരോവര്‍ഷവും ഇന്ത്യയില്‍ 70 കോടിയുടെ കള്ളനോട്ട് എത്തിച്ചിരുന്ന പാക്കിസ്ഥാന് ഒരുതരത്തിലും പകര്‍ത്താന്‍ പറ്റാത്ത തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളാണ് പുതിയ നോട്ടിലുള്ളത്. നോട്ടുകളിലെ സുരക്ഷാ മുന്‍കരുതലുകള്‍ റോയും ഇന്റലിജന്‍സ് ബ്യൂറോയും റവന്യൂ ഇന്റലിജന്റ്സും പരിശോധിച്ച് ഉറപ്പുവരുത്തിയതാണന്നും റിപ്പോര്‍ട്ടുണ്ട്.
നോട്ടുകളിലെ സുരക്ഷാ മുന്‍കരുതലുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, കഴിഞ്ഞ ആറുമാസമായി കുറ്റമറ്റ സുരക്ഷാ മുന്‍കരുതലുകളോടെ നോട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു റോയും ഐബിയും ഡിആര്‍ഐയുമൊക്കെ. പെഷവാറില്‍ ഇന്ത്യന്‍ കള്ളനോട്ടുകള്‍ അച്ചടിക്കാനുള്ള കേന്ദ്രം പാക്കിസ്ഥാനുണ്ടെന്ന് ഉറപ്പാവുകയും 1000, 500 നോട്ടുകള്‍ അവര്‍ വിപണിയിലിറക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായതോടെയാണ് നിലവിലുള്ള കറന്‍സികള്‍ ഒഴിവാക്കാന്‍ കേന്ദ്രം നടപടിയാരംഭിച്ചത്.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ഈ കേന്ദ്രം പെഷവാറില്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമും ലഷ്‌കറെ തൊയ്ബ പോലുള്ള ഭീകര സംഘടനകളുമാണ് നോട്ട് ഇന്ത്യയില്‍ എത്തിച്ചിരുന്നത്. ഇന്ത്യന്‍ കറന്‍സികള്‍ നൂറുശതമാനവും അതേ മാതൃകയില്‍ അച്ചടിക്കാനുള്ള ശേഷി പാക്കിസ്ഥാന്‍ സ്വന്തമാക്കിയതായി ഏതാനും വര്‍ഷം മുമ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും നല്‍കിയിരുന്നു.
ഒരുതരത്തിലും പകര്‍ത്താനാവാത്ത സുരക്ഷാ മുന്‍കരുതലുകളുമായി പുതിയ നോട്ടുകള്‍ വരുന്നത് പാക്കിസ്ഥാന് കടുത്ത തിരിച്ചടിയായിരിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. തീവ്രവാദത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പാക്കിസ്ഥാന്‍ കള്ളനോട്ടുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചിരുന്നതെന്ന് കറന്‍സികള്‍ പിന്‍വലിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനും ചിലര്‍ തുടക്കം കുറിച്ചിട്ടുണ്ട്. 125 കോടി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കറന്‍സികള്‍ പിന്‍വലിച്ച നടപടി സാമ്പത്തിക തീവ്രവാദമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഒരാള്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. 500, 1000 നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സ്വമേധയാ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മുമ്പ് സര്‍ക്കാര്‍ നോട്ടുകള്‍ റദ്ദാക്കിയത് ഓര്‍ഡിനന്‍സും നിയമഭേദഗതിയും നടപ്പാക്കിക്കൊണ്ടാണെന്നും അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, പുതിയതായി ഇറങ്ങുന്ന 2000 രൂപ നോട്ടുകലില്‍ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം പൊള്ളയാണെന്ന് തെളിഞ്ഞു. നോട്ട് എങ്ങോട്ട് നീങ്ങിയാലും നിരീക്ഷിക്കപ്പെടുമെന്ന പ്രചാരണവും ശക്തമായിരുന്നു. 120 മീറ്റര്‍ താഴ്ചയില്‍വരെ കുഴിച്ചിട്ടാലും നോട്ട് കണ്ടെത്താനാകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ അസംബന്ധമാണെന്നാണ് ഔദ്യോഗിക വിശദീകരണം.