ഇസ്ലാമാബാദ്: പത്ത് ഭീകരര്‍ക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് ശരിവച്ചു.പോളിയോ നിര്‍മാര്‍ജന ജീവനക്കാരെയും സിവിലിയന്മാരെയും സുരക്ഷാ ഭടന്മാരെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവര്‍.നിരോധിത ഭീകര സംഘടനയായ തെഹ്രീക് ഇ താലിബാന്‍ അംഗങ്ങളുടെ വധശിക്ഷയാണ് പാക് സൈനിക മേധാവി ശരിവച്ചിരിക്കുന്നത്.
പ്രതികള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയും വിചാരണ കോടതിക്ക് മുമ്പാകെയും കുറ്റസമ്മതം നടത്തിയതായി സൈന്യത്തിന്‍്റെ പ്രസ്താവനയില്‍ പറയുന്നു.ഇവരില്‍ നിന്ന് തോക്കുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിരുന്നു.പെഷവാര്‍ സൈനിക സ്‌കൂളില്‍ 2014ല്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് സൈനിക കോടതി സ്ഥാപിക്കാന്‍ പാക് സുപ്രീംകോടതി അനുമതി നല്‍കിയത്.സൈനിക കോടതിയിലെ വിചാരണ രഹസ്യമായാണ് നടക്കുക.പെഷവാര്‍ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു