വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന പഠാന്‍കോട്ട് , ഉറി ഭീകരാക്രണത്തിനു പിന്നില്‍ പാകിസ്താനെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ആഗോളതലത്തിലുയരുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ച് അമേരിക്കയുടെ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പാകിസ്താനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും പാക് ഭീകരര്‍ നടത്തുന്ന വെടിവെപ്പ് തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ ഇനിയും പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന മുന്നറിയിപ്പ് അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ട് നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നതെന്ന ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലുകളോട് യോജിക്കുന്നതാണ് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പഠാന്‍കോട്ട് ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈന- പാകിസ്ഥാന്‍ ഇടനാഴി വരുന്നതോട്കൂടി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
28 പേജുള്ള റിപ്പോര്‍ട്ടില്‍ പാകിസതാന്‍, ഇന്ത്യ എന്നീ ഉപശീര്‍ഷകത്തിലുള്ള ഭാഗത്താണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാകിസ്താനു വീഴ്ച്ച പറ്റിയെന്ന് അമേരിക്ക വ്യക്തമാക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട ഭീകരവാദ ഗ്രൂപ്പുകളും അയല്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.