പാലാ: പാലാ നഗരസഭ കൗൺസിൽ ഹാളിൽ കഴിഞ്ഞ ദിവസമുണ്ടായ അടിയ്ക്കു പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനെന്ന ആരോപണം ശക്തമാകുന്നു. മാണി സി.കാപ്പനും സി.പി.എം നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിലുള്ള ഒത്തുകളിയാണ് വാക്കേറ്റത്തിലേയ്ക്കും പിന്നീട് കയ്യേറ്റത്തിലേയ്ക്കും എത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പ് സമയത്ത് അടിയുണ്ടാക്കിയ ബിനുവിനെതിരെ സി.പി.എമ്മിലും അമർഷം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിനുവിനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്നും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
ഇതിനിടെ ബിനു സി.പി.എം വിട്ട് മാണി സി.കാപ്പൻ നേതൃത്വം നൽകുന്ന എൻ.സി.കെയിലേയ്ക്കു പോകാൻ നീക്കം തുടങ്ങിയതായും സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായ അടിയെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ ബി.ജെ.പിയുടെ ഭാഗമായിരുന്ന ബിനു പുളിക്കക്കണ്ടം കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പ് സമയത്താണ് ബി.ജെ.പി വിട്ട് ഇടതു മുന്നണിയുടെ ഭാഗമായത്.
ഇന്നലെ പാലാ നഗരസഭ കൗൺസിൽ ഹാളിലുണ്ടായ അടിയ്ക്കു പിന്നിൽ അപ്രതീക്ഷിത കാരണമല്ലെന്നും മുൻകൂട്ടി പ്ലാൻ ചെയ്തുണ്ടാക്കിയതാണെന്നുമുള്ള ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. അടിയുണ്ടാകുമെന്നു മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ എ.സിവിയുടെ ചാനൽ ക്യാമറാമാനെ വിളിച്ചിരുത്തിയത് ബിനുവായിരുന്നു. ഈ സാഹചര്യത്തിൽ കൃത്യമായ ആസൂത്രണമാണ് ആക്രമണത്തിനു പിന്നിലെന്ന സൂചനയാണ് പുറത്തു വരുന്നത്.
സി.പി.എമ്മിൽ കടുത്ത അസംതൃപ്തനായ ബിനു നേരത്തെ മാണി സി.കാപ്പനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഉടൻ തന്നെ മാണി സി.കാപ്പൻ നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന ഭാരവാഹിത്വം ബിനുവിനു വാഗ്ദാനം ചെയ്തിരുന്നതായാണ് സൂചന. എന്നാൽ, ഇതിലെല്ലാം ഉപരിയായി അടുത്തിടെയുണ്ടായ വിവാദങ്ങൾ ജോസ് കെ.മാണിയ്ക്ക് അനുകൂല ഘടകമായി എന്ന സംശയം മാണി സി.കാപ്പൻ ക്യാമ്പിനുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിനുവിനെ ഉപയോഗിച്ച് മാണി സി.കാപ്പൻ ക്യാമ്പ് തന്ത്രം ഒരുക്കിയതെന്ന സൂചനയാണ് ലഭിക്കുന്നത്.