
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കി സി.പി.എമ്മുമായി ചേർന്ന് ഭരണം നേടിയ കെ.എം മാണിക്ക് യു.ഡി.എഫിലേക്കുള്ള വഴി അടയുകയും ഇടതുമുന്നണി പ്രവേശം മങ്ങുകയും ചെയ്തതോടെ മാണിയെ ഒപ്പം കൂട്ടാൻ ബി.ജെ.പി ശ്രമമാരംഭിച്ചു.
എൻ.ഡി.എ കേരള ചെയർമാൻ ഏഷ്യാനെറ്റ് ചാനൽ മേധാവി രാജീവ് ചന്ദ്രശേഖറും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇടപെട്ട് ജോസ് കെ.മാണിക്ക് കേന്ദ്ര സഹമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ എൻ.ഡി.എയുടെ ഭാഗമാക്കാനാണ് നീക്കം.
ലോക്സഭയിലും രാജ്യസഭയിലും ഓരോ അംഗങ്ങളാണ് മാണി ഗ്രൂപ്പിനുള്ളത്. യു.പി.എ ഭരണത്തിൽ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാൻ കെ.എം മാണി കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഒന്നാം യു.പി.എ സർക്കാരിൽ ഒരു എം.പി മാത്രമുണ്ടായിരുന്ന ലീഗിലെ ഇ. അഹമ്മദിന് കേന്ദ്ര മന്ത്രിസ്ഥാനം നൽകിയിരുന്നെങ്കിലും രണ്ടാം യു.പി.എയിൽ രണ്ടു എം.പിമാരുണ്ടായിട്ടും മാണിയെ തഴയുകയായിരുന്നു.
സി.പി.എം സഖ്യത്തിൽ പി.ജെ ജോസഫും സംഘവും കലാപക്കൊടി ഉയർത്തുകയും യു.ഡി.എഫ് പിന്തുണയിൽ ഇനി ജോസ് കെ.മാണി എം.പിയാകില്ലെന്ന് കോൺഗ്രസ് നിലപാടു കടുപ്പിച്ചതും സി.പി.എം നേതൃത്വം കൈവിട്ടതുമാണ് മാണിയെ വെട്ടിലാക്കിയത്.
മാണിയുമായുണ്ടായത് പ്രാദേശിക അടവുനയമാണെന്നും സഖ്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇരു മുന്നണികളിലുമില്ലാതെ തനിച്ചു നിൽക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് മാണിയുടെ നിലപാട്.
2004ൽ മൂവാറ്റുപുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി തോമസ് വിജയിച്ച് വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ജോസ് കെ മാണിയെ പരാജയപ്പെടുത്തിയാണ് അന്ന് പി.സി തോമസ് വിജയിച്ചത്. പി.സി തോമസ് ഇപ്പോൾ എൻ.ഡി.എ സഖ്യകക്ഷിയാണ്.