പാലായിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന

പാലാ: കാര്‍മ്മലേറ്റ് ലിസ്യൂ കോണ്‍വെന്റില്‍ കന്യാസ്ത്രീ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ മാനസിക വൈകല്യമുള്ള യുവാവിനെപ്പറ്റി പൊലീസിനു വ്യക്തമായ സൂചന ലഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇന്ന് അറസ്റ്റ് ഉണ്ടാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രിയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ മഠത്തിനുള്ളില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. മഠത്തിനുള്ളിലെ സ്റ്റെയര്‍കേസിനടിയില്‍ നിന്നാണ് പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന ചെറിയ കൈത്തൂമ്പ കണ്ടെടുത്തത്. തൂമ്പയില്‍ രക്തക്കറയും മറ്റും കണ്ടിട്ടുണ്ട്. ആയുധം പിന്നീട് തിരുവനന്തപുരത്തെ ഫോറന്‍സിക് ലബിലേക്ക് അയച്ചുകൊടുത്തു.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അമലയുടെ തലയിലുണ്ടായിരുന്ന മരണകാരണമായ മുറിവിന് 9 സെന്റീമീറ്റര്‍ നീളവും 4.5 സെന്റിമീറ്റര്‍ വീതിയും 4 സെന്റീമീറ്റര്‍ ആഴവുമുണ്ടായിരുന്നു. ഇതേ നീളവും വീതിയുമുള്ള തൂമ്പയാണ് മഠത്തിനുള്ളില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
അതേസമയം സിസ്റ്റര്‍ അമലയുടെ ഘാതകരെ തേടിയുള്ള പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോണ്‍വെന്റിലെത്തി പോലീസ് ഇന്നലെയും തെളിവുകള്‍ ശേഖരിച്ചു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സ്ണ്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍, വനിതാ ഫോറം എക്‌സിക്യുട്ടീവ് മെമ്പര്‍ ഡോ. ജോളി സക്കറിയ എന്നിവരും കോണ്‍വെന്റിലെത്തി മഠാധികൃതരുമായി ചര്‍ച്ചനടത്തി. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും രാവിലെ ബസുകളില്‍ യാത്രചെയ്തവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. മഠത്തില്‍ അടുത്തിടെ നടുന്നുവന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെയിന്റിംങിനെത്തിയ തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സമീപത്തെ ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് പാലാ കര്‍മ്മലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമല (69) കൊലചെയ്യപ്പെട്ടത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പുലര്‍ച്ചെ 2 മണിക്കും നാലിനും ഇടയിലാണ് ഇവരുടെ മരണം സ്ഥിതീകരിച്ചിരിക്കുന്നത്. മോഷണശ്രമമാണ് ആക്രമണത്തിന് കാരണമെന്നാണ് ആദ്യ നിഗമനങ്ങളെങ്കിലും പിന്നീട് പോലീസ് തന്നെ മാനസികാസ്വാസ്ഥ്യം ഉള്ള ഒരാളോ, ഒന്നിലധികം പേരോ ആണ് സംഭവത്തിന് പിന്നിലെന്ന് തിരുത്തി. ഇതിനിടെ ആയുധം കണ്ടെത്താനാകാതിരുന്നത് ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് വിരാമമിട്ടാണ് മഠത്തിനുള്ളില്‍ നിന്ന് തന്നെ ആയുധം കണ്ടെത്തിയിരിക്കുന്നത്. കേസിന് പുതിയ വഴിത്തിരിവായ സംഭവമാണിത്. പ്രതിയെക്കുറിച്ച് ഏകദേശം രൂപം പോലീസിന് ലഭിച്ചുകഴിഞ്ഞു. രണ്ടോ, മൂന്നോ ദിവസത്തിനുള്ളില്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് പാലാ ഡിവൈഎസ്പി സുനീഷ് ബാബു നല്‍കുന്ന സൂചന.

Top