കോട്ടയം: പാലാ കര്‍മ്മലീത്താ ലിസ്യു മഠത്തിലെ സിസ്്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍കോട് സ്വദേശി സതീഷ് ബാബുവിന്റെ ചിത്രം പൊലീസ് പുറത്തു വിട്ടു. കാസര്‍കോട് കുറ്റിക്കോട് കര മെഴുവാതുക്കല്‍ വീട്ടില്‍ സതീഷ് ബാബു(സതീഷ് നായര്‍ -38) ആണ് പ്രതിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിന്നില്‍ മോഷണ സംഘമാണെന്നു ആദ്യം സംശയിച്ച പൊലീസ് പിന്നീട് നടത്തിയ പരിശോധനയിലാണ് പാലായിലും പരിസരപ്രദേശത്തുമായി നിരവധി മഠങ്ങളില്‍ സമാന രീതിയില്‍ ആക്രമണുണ്ടായതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പരമ്പരകൊലപാതകിയുടെ സാന്നിധ്യം കേസില്‍ പൊലീസ് സംശയിച്ചത്. ഇതേ തുടര്‍ന്നാണ് സംഭവ ദിവസം പാലായിലെ ടവറുകളുടെ കീഴിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചത്. ഇത്തരത്തിലാണ് പൊലീസ് പ്രതിയായ സതീഷ് ബാബുവിലേയ്ക്ക് എത്തുന്നത്.
സംഭവ ദിവസം രാത്രി രണ്ടു മിനിറ്റ് നീണ്ടു നില്‍ക്കുന്ന കോള്‍ സതീഷ് ബാബുവിന്റെ ഫോണില്‍ നിന്നു പുറത്തേയ്ക്കു പോയിരുന്നു. ഇതേ തുടര്‍ന്ന് ഈ കോളിന്റെ ഉടമയെ കണ്ടെത്താന്‍ ഫോണിന്റെ നമ്പര്‍ പൊലീസ് ശേഖരിക്കുകയായിരുന്നു. കോള്‍ വിളിച്ച വ്യക്തിയെയും കണ്ടെത്തിയ പൊലീസ് ഇത് സതീഷിന്റെ സുഹൃത്താണെന്നും ഉറപ്പിച്ചു. ഇതേ തുടര്‍ന്നു ഇയാളുടെ സുഹൃത്തായ രാമപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പൊലീസ് പ്രതിയുടെ ചിത്രം കണ്ടെത്തിയത്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരനായ പ്രതി കന്യാസ്ത്രീകളെ ആക്രമിക്കുന്ന രീതിയിലുള്ള പ്രത്യേക സ്വഭാവ വൈകല്യം പ്രകടിപ്പിക്കുന്ന ആളാണെന്നു പൊലീസ് പറയുന്നു. ഇതുവരെ ഏതാണ്ട് പന്ത്രണ്ടോളം കന്യാസ്ത്രീ മഠങ്ങള്‍ക്കു നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയിരിക്കുന്നത്.
കൊലപാതകത്തിനു ശേഷം പ്രതിയുടെ സുഹൃത്തായ രാമപുരം സ്വദേശിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെ നിന്നു രക്ഷപെടുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നു വണ്ടിക്കൂലിക്കുള്ള പണവും വാങ്ങിയ ശേഷമാണ് പ്രതി രക്ഷപെട്ടതെന്നു പൊലീ്‌സ് പറയുന്നു. കാസര്‍കോട് സ്വദേശത്തെ മാഫിയ സംഘങ്ങളുമായി ബന്ധമുള്ള പ്രതിക്കായി പ്രത്യേക അന്വേഷണം സംഘം ഇവിടേയ്ക്കു തിരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് പൊലീസ് സംഘം പ്രതീക്ഷിക്കുന്നത്.