പാലാ: പാലായില്‍ കാര്‍മ്മലീത്താ സഭയുടെ ലിസ്യു കോണ്‍വെന്റ് മഠത്തിനുള്ളില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം പരമ്പരകൊലപാതകിയിലേയ്‌ക്കെന്നു സൂചന. പ്രായമായ ആളുകളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന മാനസിക രോഗിയുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇതേ തുടര്‍ന്നു പ്രദേശത്ത് മുന്‍പു സമാന രീതിയിലുണ്ടായ അക്രമങ്ങളില്‍ പ്രതികളായവരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയാണ്.
പാലാ കര്‍മ്മലീത്താ മഠാംഗം സിസ്റ്റര്‍ അമലയാണ് (69) തലയ്ക്കടിയേറ്റു കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ സന്യാസിനിയ്ക്കു നേരെ സമാന രീതിയിലുള്ള ആക്രമണമുണ്ടായിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയ്ക്കു സാരമായി പരുക്കേറ്റ രീതിയില്‍ കഴിഞ്ഞ ഞായറാഴ്ച സഭാ അംഗമായ എഴുപതുകാരിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണുണ്ടായ പരുക്കാണ് മുറിവിന്റെ കാരണമെന്നാണ് മഠം അധികൃതര്‍ അന്നു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇന്നലെ കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ തലയിലുണ്ടായ മുറിവ് സമാന രീതിയിലുള്ളതാണെന്ന കണ്ടെത്തലാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്.
അമലയുടെ തലയിലെ മുറിവും കഴിഞ്ഞ ദിവസം ആക്രമണത്തിനു വിധേയയായ സിസ്റ്ററുടെ തലയിലെ മുറിവും സമാന രീതിയിലുള്ളതാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നു അന്നു മുറിവുണ്ടായത് എങ്ങിനെയാണെന്നു കണ്ടെത്തുന്നതിനായി പൊലീസ് സംഘം പരുക്കേറ്റ സിസ്റ്ററെ ചോദ്യം ചെയ്യുകയായണ്. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ സിസ്റ്ററെ ചോദ്യം ചെയ്യുന്നത്.