പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ. ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ കരുത്തനായ സ്ഥാനാർഥി കെ.മുരളീധരനാണെന്നും ഡിസിസി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തു പുറത്ത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്.
ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തിൽ മത്സരിക്കാൻ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ കത്തിൽ പറയുന്നു.