
പാലക്കാട്: കുഴല്‍മന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പകതീര്‍ത്തതെന്ന് ബന്ധുക്കളുടെ ആരോപണം. അപകടം കരുതിക്കൂട്ടി ഉള്ളതാണെന്നാരോപിച്ച് അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ സഹോദരന്‍ ശരത് ആണ് രംഗത്തുവന്നത്.
യാത്രയ്ക്കിടെ വഴിയില്‍വെച്ച് ബസ് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വിഷയത്തില്‍ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
വഴിയില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നുവെന്ന് ബസിലെ യാത്രക്കാരും വഴിയിലുണ്ടായിരുന്നവരും പറഞ്ഞിരുന്നു. ആദ്യം കേസെടുത്തത് ലോറി ഡ്രൈവര്‍ക്കെതിരെയായിരുന്നു.
എന്നാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബസിന് ഇടത്തേക്ക് ചേര്‍ന്ന് പോകാന്‍ സ്ഥലമുണ്ടായിട്ടും മനഃപൂര്‍വം യുവാക്കളെ ലോറിക്കും ബസിനും ഇടയില്‍ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന് വ്യക്തമായത്.
അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സിഎല്‍ ഔസേപ്പിനെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവര്‍ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഇയാളെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു