പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം കോളെജ് മൈതാനത്ത് പ്രതീകാത്മക കുഴിമാടവും റീത്തും വെച്ച സംഭവത്തില്‍
എസ് എഫ് ഐക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പാലക്കാട് വിക്ടോറിയ കോളെജില്‍ നിന്നും കഴിഞ്ഞ ദിവസം വിരമിച്ച അധ്യാപിക എന്‍ സരസുവിനാണ് ദുരനുഭവം നേരിട്ടത്. കോളെജിലെ ഇടതു പക്ഷ അധ്യാപക്ഷ സംഘടനയിലെ ഒരു കൂട്ടം അധ്യാപകരും എസ്എഫ്‌ഐ പ്രവര്‍ത്തകരുമാണ് സംഭവത്തിന് പിന്നിലെന്ന് അധ്യാപിക ആരോപിക്കുന്നു.
വിക്ടോറിയ കോളെജ് പ്രിന്‍സിപ്പല്‍ എന്‍ സരസു രണ്ടര പതിറ്റാണ്ടോളം നീണ്ട അദ്ധ്യാപക ജീവിതത്തിന് കഴിഞ്ഞ ദിവസമാണ് വിരാമമിട്ടത്. എന്നാല്‍ വിരമിക്കുന്ന ദിവസം കോളെജ് മൈതനത്ത് റീത്തും കുഴിമാടവും ഒരുക്കിയാണ് ഒരു വിഭാഗം വിദ്യര്‍ത്ഥികള്‍ ആഘോഷിച്ചത്. സംഭവം വിവാദമായതോടെ എല്ലാം എടുത്തു മാറ്റുകയും ചെയ്തു. കഴിഞ്ഞ ഇരുത്തി മൂന്നു വര്‍ഷമായി വിക്ടോറിയ കോളേജിലെ അധ്യാപികയാണ് സരസു.
എട്ടു മാസം മുന്പാണ് പ്രിന്‍സിപ്പലായത്. സര്‍വ്വീസിനിടയില്‍ ഇടതുപക്ഷ അധ്യാപക സംഘടനയിലുള്ള ഒരു വിഭാഗം തുടര്‍ച്ചയായി തന്നെ ശത്രു പക്ഷത്തു നിര്‍ത്തിയിരുന്നെന്ന് ടീച്ചര്‍ പറയുന്നു. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളാണ് വിരമിക്കുന്ന ദിവസം പ്രതീകാത്മക കുഴിമാടമൊരുക്കിയിതിന് പിന്നിലെന്നും ഒരു വിഭാഗം അദ്ധ്യാപകര്‍ ഇതിന് കൂട്ടുനിന്നു എന്ന് ടീച്ചര്‍ പറയുന്നു.
22 വര്‍ഷം കോളെജിലെ എന്‍സിസി ഒഫീസറായും സരസുടീച്ചര്‍ പ്രവര്‍ത്തിച്ചിരുന്നു.പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രിന്‍സിപ്പലിന് ഐക്യദാര്‍ഡ്യവുമായി ഒരു വിഭാഗം അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്.