![](https://dailyindianherald.com/wp-content/uploads/2016/04/pkd.png)
പാലക്കാട്: വിക്ടോറിയ കോളെജിലെ ദലിത് അധ്യാപിക വിരമിയ്ക്കുന്ന ദിവലം ശവക്കുഴി തീര്‍ത്ത സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. രോഹിത് വെമുലയുടെ പേരില്‍ മുറവിളികൂട്ടിയ സിപിഎം ദളിത് വിഭാഗത്തില്‍പ്പെട്ട പ്രിന്‍സിപ്പലിന് ശവകുടീരം നിര്‍മ്മിച്ച് ക്രൂരമായി അപമാനിച്ചതിലൂടെ അവരുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
വിരമിക്കല്‍ ദിവസം ശവക്കല്ലറ തീര്‍ത്ത് എസ്എഫ്‌ഐ നേതൃത്വം അവഹേളിച്ച ഗവ.വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.എന്‍.സരസുവിന്റെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.പാലക്കാട് നിന്നുള്ള എംപിമാരായ എം.ബി.രാജേഷും, പി.കെ.ബിജുവും സ്വന്തം നാട്ടില്‍ ഒരു ദളിത് പ്രന്‍സിപ്പല്‍ അപമാനിക്കപ്പെട്ടിട്ടും അത് കണ്ടില്ലെന്ന് നടിച്ച് ഹൈദരാബാദില്‍ പോയി മുറവിളികൂട്ടുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്. ദളിത് പ്രിന്‍സിപ്പലിനെ അവഹേളിച്ചത് ചെറിയൊരു സംഭവമല്ലെന്നും ഏറെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 27 വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു അധ്യാപികയെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്നും ഏറെ ആദരിക്കപ്പെടേണ്ട പ്രിന്‍സിപ്പലാണ് അവരെന്നും മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ ഇത് ചര്‍ച്ചാവിഷയമാക്കുമെന്നും കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അധ്യാപികയെ അപമാനിച്ച എസ്എഫ്‌ഐയുടെ നടപടി കേരള സമൂഹം ഒരിക്കലും അംഗീകരിക്കില്ല. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും അപരിഷ്‌കൃത ആശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മധ്യമേഖലാ പ്രസിഡണ്ട് അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡണ്ട് അഡ്വ. ഇ. കൃഷ്ണദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.