തിരുവനന്തപുരം:കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കര്‍ ആയി പാലോട് രവിയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍ ശക്തനെ സ്പീക്കര്‍ ആയി തെരഞ്ഞെടുത്തിരുന്നു. ആ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. നെടുമങ്ങാട് എം എല്‍ എയാണ് പാലോട് രവി. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രവിക്ക്74 വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന എ ഇ ചന്ദ്രശേഖറിന് 65 വോട്ടും ലഭിച്ചു.
മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചതിനുശേഷം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സ്പീക്കറായതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പാലോട് രവി തിരഞ്ഞെടുക്കപ്പെട്ടത്. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ബജറ്റ് സമ്മേളന കാലത്തും വര്‍ഷകാല സമ്മേളന കാലത്തും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
നെടുമങ്ങാട് എം.എല്‍.എ ആയ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് ആദ്യംതന്നെ തീരുമാനിച്ചുവെങ്കിലും ഐ ഗ്രൂപ്പ് കെ.മുരളീധരന്റെ പേര് നിര്‍ദേശിച്ചു. അതിനിടെ ആര്‍.എസ്.പിക്ക് സ്ഥാനം വേണമെന്ന ആവശ്യവും ഉയര്‍ന്നു. കോവൂര്‍ കുഞ്ഞുമോന്റെ പേരാണ് ആര്‍.എസ്.പിയില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് കെ മുരളീധരനും കോവൂര്‍ കുഞ്ഞുമോനും വ്യക്തമാക്കി. ഇതോടെയാണ് പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ ധാരണയിലെത്തിയത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പാലോട് രവി സംഘടനയുടെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിലും ഐ.എന്‍.ടി.യു.സിയിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. റബര്‍ ബോര്‍ഡ്, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിഡന്റായും ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ആന്‍ഡ് നാഷണല്‍ ലിറ്ററസി മിഷന്‍ ഗവേണിങ് ബോഡി അംഗം, രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രന്ഥശാലാ സംഘം, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, സാഹിത്യ അക്കാഡമി എന്നിവയിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. എ.ഐ.സി.സി, കെ.പി.സി.സി എന്നിവയിലെ എക്‌സിക്യൂട്ടീവ് അംഗമാണ്. ഐ.എന്‍.ടി.യു.സി ഓള്‍ ഇന്ത്യാ സെക്രട്ടറിയും സംസ്‌കാര സാഹിതി ചെയര്‍മാനുമാണ്.