കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസിന് നെഹ്രു ഗ്രൂപ്പുമായി അടുത്ത ബന്ധമെന്ന് തെളിവ്; പ്രതിയുമായി അടുത്ത് പരിചയമുള്ള വ്യക്തിയില്‍ നീതി നടപ്പിലാക്കുമോ എന്ന് സംശയമുണ്ടെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്നതെന്ന വസ്തുത തെളിവ് സഹിതം പുറത്ത്. അതിനാല്‍ തന്നെ അദ്ദേഹം കൃഷ്ണദാസിന്റെയും മറ്റും ജാമ്യാപേക്ഷ പരിഗണിക്കാന്‍ പാടില്ലായിരുന്നെന്നും വ്യക്തമാക്കി ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും സുഹൃത്തുക്കളും. ജസ്റ്റിസ് എബ്രഹാം മാത്യു ലക്കിടി ലോകോളേജിന്റെ പഠനയാത്രയില്‍ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹനിലയില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും അടുപ്പമുള്ള വ്യക്തി നീതിപൂര്‍വ്വമായിട്ടാണോ തീരുമാനങ്ങളെടുക്കുന്നത് എന്നതില്‍ സംശയമുണ്ടെന്നും ആരോപണമുണ്ട്.

ലക്കിടി നെഹ്‌റു ലോകോളേജ് പ്രിന്‍സിപ്പല്‍, കൃഷ്ണദാസിനൊപ്പം അറസ്റ്റിലായ നിയമോപദേശക സുചിത്ര തുടങ്ങിയവര്‍ സൗഹൃദം പങ്കിടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. മറ്റൊരു ദൃശ്യത്തില്‍ ഇവരെ കൂടാതെ ഇപ്പോള്‍ കൃഷ്ണദാസ് അറസ്റ്റിലായ കേസില്‍ കൃഷ്ണദാസിന്റെ മര്‍ദ്ദനമേറ്റതായി പരാതിപ്പെട്ട ഷഹീര്‍ ഷൗക്കത്തും നില്‍ക്കുന്നുണ്ട്. നെഹ്‌റു ഗ്രൂപ്പിന്റെകീഴിലുള്ള ലോ കോളേജ് കഴിഞ്ഞ വര്‍ഷം നെല്ലിയാമ്പതിയിലേയ്ക്ക് നടത്തിയ പഠനയാത്രയിലാണ് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിയായ എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തത്. അടുത്ത സൗഹൃദമുള്ള കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഈ ജഡ്ജി പരിഗണിക്കുന്നത് ശരിയെല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ അടുത്ത സുഹൃത്താണെന്ന് ചടങ്ങില്‍ പങ്കെടുത്ത എബ്രഹാം മാത്യു പറഞ്ഞതായി ചടങ്ങില്‍ സന്നിഹിതരായ വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മിക്കുന്നുണ്ട്. ചെയര്‍മാന്‍ കൃഷ്ണദാസുമായുള്ള സൗഹൃദവും ചടങ്ങില്‍ എബ്രഹാം മാത്യു പങ്കുവച്ചിരുന്നതായും ്അവര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ വളരെ വേദനാജനകമായ അനുഭവമാണുണ്ടായതെന്ന് പറഞ്ഞുകൊണ്ടാണ് കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കുന്നത്. വേട്ടക്കാരനായ കൃഷ്ണദാസിനൊപ്പം കോടതി പോലും കക്ഷി ചേരുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് തങ്ങളിത് പറയുന്നതതെന്നും ഫോട്ടോ പുറത്തുവിട്ടുകൊണ്ട് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റിലായ കേസിലെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരത്തില്‍ ജഡ്ജിക്കും നെഹ്റു ഗ്രൂപ്പിനും അടുത്ത സൗഹൃദമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് നീതിന്യായം മാറിയോ എന്നതും സങ്കടകരമാണെന്നും ബന്ധുക്കള്‍ പറയുന്നു.

പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളെജില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ക്യാമ്പിലാണ് എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമാണ് ലക്കിടി കോളജ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട ലീഗല്‍ അഡൈ്വസര്‍ സുചിത്ര., കൃഷ്ണദാസ് മര്‍ദ്ദിച്ചതായി പരാതി നല്‍കിയ ഷഹീര്‍ ഷൗക്കത്ത്, എന്നിവര്‍ക്കൊപ്പം എബ്രഹാം മാത്യു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി കൃഷ്ണദാസിനെ ഇന്നലെ തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. അതേസമയം ജിഷ്ണു പ്രണോയി കേസില്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഷഹീറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയ കൃഷ്ണദാസിനെയും അറസ്റ്റിലായ മറ്റു പ്രതികളെയും റിമാന്‍ഡ് ചെയ്തതോടെ പിന്നീട് വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി.

കൃഷ്ണദാസിനൊപ്പം ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അദ്ധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ എന്നിവയടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതിയില്‍ നിന്ന് പ്രതികരണമുണ്ടായത്. പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും, ഇതില്‍ ദുരുദ്ദേശ്യമുണ്ടെന്നും ആയിരുന്നു കോടതിയുടെ നിരീക്ഷണം. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിലുമുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതി എഴുതിയാല്‍, പിന്നെ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജന താല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും, ലഭ്യമാകുന്ന തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലായിരിക്കണം അന്വേഷിക്കേണ്ടതെന്നും ആയിരുന്നു ജസ്റ്റിസ് എബ്രാഹം മാത്യു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് മുമ്പാണ് ജഡ്ജിക്ക് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്.

Top