
കുഴിമറ്റം: പനച്ചിക്കാട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു വട്ടമലയിൽ നിര്യാതനായി. പനച്ചിക്കാട് കുഴിമറ്റം വട്ടമലയിൽ വി എം മാത്യു (കുഞ്ഞുമോൻ – 76) വിനെയും ഉമ്മൻ ചാണ്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു രസകരമായ കഥയുടെ ഓർമ്മയിലാണ് പനച്ചിക്കാട്.
ഉമ്മൻചാണ്ടി സംസ്ഥാന തൊഴിൽമന്ത്രിയായിരുന്ന കാലത്തു ഉണ്ടായ ഒരു സംഭവമാണ് മാത്യുവിന് പ്രശസ്തനാക്കിയത്. മന്ത്രി എന്ന നിലയിൽ സ്വാതന്ത്ര്യ ദിനത്തിൽ പത്തനംതിട്ട ജില്ലയിലായിരുന്നു ഉമ്മൻചാണ്ടിയ്ക്ക് ദേശീയ പതാക ഉയർത്തേണ്ടിയിരുന്നത്.
പതിവ് പോലെ അദ്ദേഹം അന്ന് രാവിലെയും പുതുപ്പള്ളിയിലെ വീട്ടിലെ സന്ദർശകരെ കണ്ടു. ഇതിന് ശേഷം പത്തനംതിട്ടയ്ക്കു പോകാൻ ഒരുങ്ങിയപ്പോഴാണ് ഇദേഹത്തിൻ്റെ ഷർട്ട് മുഴുവൻ കീറി പറിഞ്ഞതായി കണ്ടെത്തിയത്. അവിടെ നിന്നവർ ഇത് ചൂണ്ടി കാണിച്ചപ്പോൾ ആ കൂട്ടത്തിലെ ഒരാളായ മാത്യുവിനെ വിളിച്ചു സ്റ്റേറ്റ് കാറിൽ നിർബന്ധപൂർവ്വം കയറ്റി.
തന്റെ സമാന ശരീര പ്രകൃതിയുണ്ടായിരുന്ന മാത്യുവിന്റെ ഷർട്ട് കാറിൽ ഇരുന്നു ഉമ്മൻ ചാണ്ടി ഊരി വാങ്ങി. അന്ന് ആ ഷർട്ട് ഇട്ടുകൊണ്ടാണ് അദ്ദേഹം ആ പരുപാടിയിൽ പങ്കെടുത്തത്. വി.എം മാത്യുവിൻ്റെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ , മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ അനുശോചിച്ചു.
മൃതദേഹം ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ എത്തിക്കും. മൂന്നു മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ ആരംഭിച്ചു നാല് മണിക്ക് കുഴിമറ്റം പള്ളിയിൽ സംസ്കരിക്കും. പരേതൻ ചിങ്ങവനം ഇലക്ട്രോ കെമിക്കൽ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. ദീർഘകാലം പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്നു.