പഞ്ചരത്‌നങ്ങള്‍ കന്നിവോട്ടിന് തയ്യാര്‍; ജനിച്ചതും വളര്‍ന്നതും ഒരുമിച്ച് ആദ്യം വോട്ടും ഒരുമിച്ച് തന്നെ

തിരുവനന്തപുരം: അഞ്ച് പേരും ഇതാദ്യമായി വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതും അഞ്ച് പേരുടേയും വോട്ട് ഒരാള്‍ക്ക് തന്നെ. വോട്ട് ആര്‍ക്കാണെന്ന കാര്യം സസ്‌പെന്‍സാണെങ്കിലും ഈ പഞ്ചരത്‌നങ്ങള്‍ ആരാണെന്ന് അറിയേണ്ടേ…?

പഞ്ചരത്‌നം വീട്ടിലെ പഞ്ചരത്‌നങ്ങളായ ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമയും വേഷത്തില്‍ മാത്രമല്ല, ചിന്തകളിലും ഒരുമിച്ചാണ്. കളിചിരികളെല്ലാം മാറ്റി വച്ച് തിരഞ്ഞെടുപ്പിനെ ഗൗരവമായിട്ടുതന്നെയാണ് സഹോദരങ്ങള്‍ കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശ തിരഞ്ഞെടുപ്പു സമയത്തു മെഡിക്കല്‍ വിദ്യാര്‍ഥികളായ ഉത്രജയും ഉത്തമയും എറണാകുളത്തായിരുന്നു. ഒരുമിച്ചു വോട്ടിടാന്‍ പോകണമെന്ന കൂട്ടായ തീരുമാനമുള്ളതിനാല്‍ മറ്റുള്ളവരും വോട്ടവകാശം വിനിയോഗിച്ചില്ല. ഇത്തവണ എന്തു തിരക്കുണ്ടായാലും രാവിലെ തന്നെ ബൂത്തിലെത്തി ആദ്യ അഞ്ച് വോട്ടുകള്‍ തങ്ങള്‍ക്കുതന്നെ രേഖപ്പെടുത്തണമെന്നാണു പഞ്ചരത്‌നങ്ങളുടെ തീരുമാനം. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മഴയ്ക്കാട് ഗാന്ധിസ്മാരകത്തിലാണ് ഇവരുടെ ബൂത്ത്.

അച്ഛന്‍ പ്രേംകുമാറിന്റെ മരണശേഷം അമ്മ രമാദേവിയാണ് ഇവരുടെ അവസാനവാക്ക് അതുകൊണ്ടു വോട്ടിടുന്നതിനു മുന്‍പ് അമ്മയുടെ അഭിപ്രായവും ഇവര്‍ ചോദിക്കും, സഹകരണബാങ്ക് ജീവനക്കാരിയായ രമാദേവിയുടെ മനസ്സില്‍ രാഷ്ട്രീയമുണ്ടെങ്കിലും അത് മക്കളുടെ രാഷ്ട്രീയത്തില്‍ ബാധിക്കില്ല. അവര്‍ക്കു നല്ലതെന്നു തോന്നുന്നതു ചെയ്യട്ടെ എന്നാണു രമാദേവിയുടെ പക്ഷം. പക്ഷേ വോട്ട് ആര്‍ക്കായാലും അഞ്ചുവോട്ടും ഒരേ സ്ഥാനാര്‍ഥിക്കായിരിക്കുമെന്നു പഞ്ചരത്‌നങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ചെറുപ്പം മുതല്‍ക്കെ കൂട്ടായ അഭിപ്രായത്തിനു ശേഷമാണ് ഇവര്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.

1995 നവംബര്‍ 18ലെ ഉത്രം നാളില്‍ ജനിച്ച പഞ്ചരത്‌നങ്ങള്‍ക്ക് ഇപ്പോള്‍ വയസ്സ് ഇരുപതായി. എന്നിട്ടും ഈ പതിവിനു യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല. എല്‍കെജി മുതല്‍ പ്ലസ് ടു വരെ ഒരേ സ്‌കൂളില്‍ (വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂള്‍) ഒരേ ക്ലാസിലായിരുന്നു അഞ്ച് പേരുടെയും പഠനം. പിന്നീട് ഉപരിപഠനമായപ്പോള്‍ പലവഴികളിലായി ഇവര്‍ പറന്നു. നിലവില്‍ ഉത്ര ഫാഷന്‍ ഡിസൈനിങ്ങും ഉത്തര ജേണലിസവും ഉത്രജന്‍ ബിബിഎയും പഠിക്കുന്നു. പഞ്ചരത്‌നങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു, ‘തങ്ങളുടെ ജീവിതം തളിര്‍പ്പിച്ചത് മാധ്യമങ്ങളുടെ ആത്മാര്‍ഥമായ ഇടപെടല്‍ കൊണ്ടാണ്. അതുകൊണ്ട് ഇനി ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെക്കുറിച്ച് എനിക്കുമെഴുതണം’ ഉത്തരയിലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് ആവേശമാണിപ്പോള്‍.

മക്കള്‍ക്ക് പറക്കാനുള്ള ശേഷി വന്നെങ്കിലും അമ്മ രമാദേവിയുടെ ആശങ്കകള്‍ക്ക് അറുതിയായിട്ടില്ല. എങ്കിലും പഴയകാലത്തെ അനുഭവങ്ങല്‍ അവര്‍ക്ക് വീണ്ടും ധൈര്യം നല്‍കുന്നു. 2005 ഫെബ്രുവരി 17ന് അച്ഛന്‍ പ്രേംകുമാര്‍ അന്തരിച്ചതോടെ ജീവിതം തളിര്‍ക്കാനുള്ള സഹായങ്ങളെല്ലാം ചെയ്ത നാട്ടിലേയും മറുനാട്ടിലേയും സുമനസുകളെ രമാദേവി കടപ്പാടോടെ ഓര്‍ക്കുന്നു. ശ്രീകൃഷ്ണനാണ് രാമദേവിയുടെ ഇഷ്ടഭഗവാന്‍. ‘ജീവിത വൈതരണികളിലെല്ലാം ഭഗവാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അതാണ് ഏന്റെ ശക്തിയും ആശ്വാസവും’രമാദേവി പറയുന്നു.

Top