മുംബൈ: ഭര്‍ത്താവ് വരുത്തിവച്ച ആറു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയുടെ ശരീരം ആവശ്യപ്പെട്ട സമുദായ നേതാക്കളുടെ നടപടി വിവാദത്തില്‍. മഹാരാഷ്ട്ര പര്‍ഭാനി ജില്ലയിലെ ഒരു ജാതി പഞ്ചായത്തിലെ എട്ട് അംഗങ്ങളാണ് യുവതിയോട് തങ്ങള്‍ക്ക് വശപ്പെടാന്‍ ആവശ്യപ്പെട്ടത്. കടംവീട്ടാന്‍ നിര്‍വാഹമില്ലെന്ന് ഭര്‍ത്താവ് അറിയിച്ചതോടെയാണ് സമുദായ നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.
സംഭവമറിഞ്ഞ മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലന്‍ സമിതി (മാന്‍സ്) ഉചിതമായ ഇടപെടല്‍ മൂലം ദമ്പതികള്‍ ഊരുവിലക്കില്‍ നിന്നു രക്ഷപ്പെട്ടു. എന്നു മാത്രമല്ല പഞ്ചായത്ത് പിരിച്ചുവിടാനും മാന്‍സിനു കഴിഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന സമിതിയാണ് മാന്‍സ്. നരേന്ദ്ര ദബോല്‍ക്കര്‍ 1989ലാണ് ഈ സംഘടന രൂപീകരിച്ചത്.
ഗൊന്ദാലി സമുദായത്തില്‍പെട്ട ദീപക് ഭോറെയും ഭാര്യയുമാണ് നേതൃത്വത്തിന്റെ അനീതിയ്ക്ക് ഇരയായത്. സേലു സ്വദേശിയായ 90,000 രൂപ രണ്ടു വര്‍ഷം മുന്‍പ് സമുദായത്തില്‍ നിന്നു വായ്പയെടുത്തിരുന്നു. ഇതിനകം 2.50 ലക്ഷം രൂപ പഞ്ചായത്തില്‍ തിരിച്ചടച്ചു. എന്നാല്‍ കടം വീട്ടാന്‍ ഇനിയും ആറു ലക്ഷം കൂടി അടയ്ക്കണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെട്ടു. ദമ്പതികള്‍ ഇതു നിഷേധിച്ചതോടെയാണ് നേതാക്കളില്‍ ചിലര്‍ ഭാര്യയുടെ മേല്‍ കണ്ണുവച്ചത്.
തിങ്കളാഴ്ച പഞ്ചായത്ത് അംഗങ്ങള്‍ ഭോറെയുടെ വീട്ടില്‍ ബലാത്കാരമായി കടന്ന് ഭാര്യയോട് മോശമായി പെരുമാറിയതായി ഭോറെയുടെ അമ്മാവന്‍ സുഭാഷ് ഉെ പറഞ്ഞു. വീട്ടുപകരണങ്ങള്‍ എടുത്തുകൊണ്ടുപോയ ഇവര്‍ ഭോറെയെ ജാതിഭ്രഷ്ട് കല്പിച്ച് വാതില്‍ ബന്ധിക്കുകയും ചെയ്തു.
വിലക്ക് വന്നതോടെ ദമ്പതികള്‍ നാസികിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഭോറെയുടെ അമ്മാവനും കുടുംബത്തിനും നേര്‍ക്കായി പഞ്ചായത്തിന്റെ ദേഷ്യം. ഭോറെയെയും കുടുംബത്തെയും സഹായിച്ചാല്‍ ജാതിവിലക്ക് നേരിടേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതോടെയാണ് സുഭാഷ് മാന്‍സ് പ്രവര്‍ത്തകരെ ബന്ധപ്പെടുകയും സഹായം തേടുകയും ചെയ്തത്.
മാന്‍സ് പ്രവര്‍ത്തകര്‍ നടത്തിയ ബോധവത്കരണത്തെ തുടര്‍ന്നാണ് ജാതി പഞ്ചായത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഗൊന്ദാലി സമുദായത്തിലെ അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. ഇവര്‍ സംഘടിച്ച് ഭോറെയ്ക്കും കുടുംബത്തിനുമെതിരായ വിലക്ക് നീക്കാന്‍ ആവശ്യപ്പെടുകയും പഞ്ചായത്ത് സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു.