പന്തളം: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്ന അവസരത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പന്തളം കൊട്ടാരം. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടുമെന്ന് പന്തളം കൊട്ടാരത്തിന്റെ പ്രതിനിധി അറിയിച്ചു.
പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര്‍ വര്‍മ്മയാണ് നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ തിരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് അവരെത്തിയതെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് ശരിയല്ല. ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ട്. ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ കൊട്ടാരം മടിക്കില്ല.
സവര്‍ണ – അവര്‍ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തമ്മിലടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷമടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശശികുമാര്‍ വര്‍മ്മ ആവശ്യപ്പെട്ടു.