
ചെന്നൈ: തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. പനീര്‍സെല്‍വമാണ് രാത്രി തുറന്ന പോരിന് കളമൊരുക്കി വാര്‍ത്താ സമ്മേളനം നടത്തിശശികലയ്ക്കെതിരെ ആഞ്ഞടിച്ചത്. എന്നാല്‍ ശശികലയ്ക്കെതിരെ തിരിഞ്ഞ പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
രാത്രി വൈകി മാധ്യമങ്ങളെ കണ്ട ശശികല പനീര്‍സെല്‍വത്തിന്റെ പിന്നില്‍ ഡിഎംകെയാണെന്ന് ആരോപിച്ചു. തന്റെ പിന്നില്‍ എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ്. പാര്‍ട്ടിയില്‍ പളര്‍പ്പില്ല. ഗവര്‍ണര്‍ എത്തിയാലുടന്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നും ശശികല പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനെ പനീര്‍സെല്‍വം ചിരിച്ചുതള്ളി. ശശികല ജയലളിതയുടെ ആഗ്രഹങ്ങള്‍ അട്ടിമറിച്ചു. ജയയുടെ മരണത്തിനു മുന്‍പേതന്നെ നേതൃമാറ്റത്തിന് കളമൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ, നിര്‍ണായകമായ നിയമസഭാകക്ഷി യോഗം ശശികല ഇന്നു രാവിലെ വിളിച്ചിട്ടുണ്ട്.
പനീര്‍സെല്‍വത്തിന് 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. ശശികലയോട് താല്പര്യമില്ലാത്ത എംഎല്‍എമാരും പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമാണ്. പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളും നേതാക്കളും ഇന്നലെ തെരുവിലിറങ്ങിയിരുന്നു.