
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാന്‍ ശശികല പക്ഷത്ത് നിന്ന് പളനി സ്വാമിയും എതിര്‍ പക്ഷത്തായ പനീര്‍ശെല്‍വവും അടവുകള്‍ പയറ്റുമ്പോള്‍ ഗവര്‍ണ്ണറുടെ കോട്ടിലാണ് ഇപ്പോള്‍ പന്ത്. പനീര്‍ശെല്‍വത്തെക്കൊണ്ട് മന്ത്രിസഭായോഗം വിളിക്കുമോ പളനി സ്വാമിയെ സത്യപ്രതിജ്ഞ ചെയ്യിച്ചിട്ട് വിശ്വാസവോട്ടിലെത്തിക്കുമോ എന്നതാണ് ഇപ്പോള്‍ ജനങ്ങള്‍ ഉറ്റ് നോക്കുന്ന കാര്യം. ബിജെപി പിന്തുണ പനീര്‍ശെല്‍വം ഉറപ്പാക്കിയ സ്ഥിതിക്ക് നേരിയ മുന്‍തൂക്കം പനീര്‍ശെല്‍വത്തിനുണ്ടെന്ന് പറയാം.
ശശികലയ്ക്കു മാറിനില്‍ക്കേണ്ടി വരുമെങ്കിലും അവര്‍ ചുമതലപ്പെടുത്തിയ ആളിന്റെ, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അപേക്ഷ ഗവര്‍ണര്‍ക്കു തള്ളിക്കളയാനാകില്ല. പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ശശികല അറിയിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ന്നിട്ടില്ല. രണ്ടു വിഭാഗവും എംഎല്‍എമാരുടെ ഭൂരിപക്ഷം അവകാശപ്പെടുന്നതിനാല്‍ ഇവരില്‍ ആരെയാണ് വിളിക്കേണ്ടതെന്നതില്‍ അനിശ്ചിതത്വം ശക്തമാണ്. പല സാധ്യതകളാണ് ഗവര്‍ണ്ണര്‍ക്ക് മുമ്പിലുള്ളത്. രണ്ടാഴ്ചയ്ക്കകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരെ വിളിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഗവര്‍ണറെ ഉപദേശിച്ചിട്ടുണ്ട്. യുപിയിലെ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇത്. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായതിനാല്‍ കേന്ദ്രത്തിന്റെ താല്‍പര്യങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാകാനിടയുണ്ട്. നിലവില്‍ എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും ശശികലയ്ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ പളനിസ്വാമി തികഞ്ഞ ആത്മവിശ്വാസത്തിലും.
എന്നാല്‍ ജനവികാരമാണ് പനീര്‍ശെല്‍വത്തിന്റെ കരുത്ത്. ഇത് കണ്ട് കൂടുതല്‍ എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്ത് എത്തുമെന്നാണ് പനീര്‍ശെല്‍വം ക്യാമ്പിന്റെ വിലയിരുത്തല്‍. ജയലളിതയുടെ അനന്തിരവള്‍ ദീപയും പനീര്‍ശെല്‍വം ക്യാമ്പിലെത്തിയിട്ടുണ്ട്. അങ്ങനെ ജയലളിതാ വികാരം തനിക്കൊപ്പമാണെന്ന് തെളിയിക്കാന്‍ പനീര്‍ശെല്‍വം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇത് വിജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയാകാനുള്ള പനീര്‍ശെല്‍വത്തിന്റെ സാധ്യത അവസാനിക്കും. 124 എംഎല്‍എമാരുടെ പിന്തുണയുള്ള പളനിസ്വാമി മുഖ്യമന്ത്രിയാകും. 234 സീറ്റുകളുള്ള നിയമസഭയില്‍ 117 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. പനീര്‍ശെല്‍വത്തെ ഇതുവരെ പിന്തുണച്ചത് 11 എംഎല്‍എമാര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് പളനിസ്വാമിക്ക് മുന്‍തൂക്കം കിട്ടുന്നത്. എട്ട് എംഎല്‍എമാര്‍ കൂടി സ്വന്തം ക്യാംപിലെത്തിയാലേ സമ്മര്‍ദ ശക്തിയാകാന്‍ പനീര്‍ശെല്‍വത്തിന് കഴിയൂ. പനീര്‍സെല്‍വത്തിന്റെ ശ്രമം ഇതിനുവേണ്ടിയാണ്.
കാവല്‍ മുഖ്യമന്ത്രിക്ക് പ്രത്യേകിച്ച് അധികാരങ്ങളൊന്നും ഇല്ല. നയപരമായ തീരുമാനങ്ങളെടുക്കാനും കഴിയില്ല. ഉദ്യോഗസ്ഥരാണ് ഉത്തരവുകള്‍ പുറത്തിറക്കേണ്ടത്. എന്നാല്‍, ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശശികലയ്ക്കുള്ള കുരുക്ക് മുറുക്കാം. എട്ട് എംഎല്‍മാര്‍ പനീര്‍ശെല്‍വം പക്ഷത്ത് എത്തിയാല്‍ 89എംഎല്‍എമാരുള്ള ഡിഎംകെയുടേയും എട്ട് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന്റേയും നിലപാട് നിര്‍ണ്ണായകമാകും. ഇവര്‍ ആരേയും പിന്തുണച്ചില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ടി വരും. അങ്ങനെ വരുന്ന സാഹചര്യത്തില്‍ എല്ലാ എംഎല്‍എമാരും തനിക്കൊപ്പം വരുമെന്നാണ് പനീര്‍ശെല്‍വം ക്യാമ്പിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വരുംദിനങ്ങളില്‍ നിയമസഭയില്‍ ബലാബത്തിനൊരുങ്ങുകയാണ് അണ്ണാ ഡിഎംകെയിലെ ശശികല പനീര്‍ശെല്‍വം വിഭാഗങ്ങള്‍ എന്ന് വ്യക്തമാണ്.
എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ ഇരുവിഭാഗവും എല്ലാ അടവുകളും പയറ്റുന്നുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ, അവിശ്വാസ വോട്ടെടുപ്പുകളാണ് നടത്തുന്നത്. വോട്ടെടുപ്പില്‍ വിജയിച്ചാല്‍ ഭരണത്തിലേറാം. തമിഴ്നാട്ടില്‍ ഇപ്പോള്‍ പനീര്‍സെല്‍വമാണ് കാവല്‍ മുഖ്യമന്ത്രി. പൂര്‍ണ അധികാരമില്ലെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനാല്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അര്‍ഹത പനീര്‍സെല്‍വത്തിനാണ്. പനീര്‍സെല്‍വത്തിന് ഭൂരിപക്ഷം തെളിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശശികല പക്ഷത്തെ നേതാവിനെ (എടപ്പാടി പളനിസാമി) ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണിക്കും. ഭൂരിപക്ഷം എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണം. ഇതിനുശേഷം ഇത്ര സമയത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും. വിശ്വാസപ്രമേയവും അവിശ്വാസപ്രമേയവും ഒരുമിച്ച് വന്നാല്‍ വിശ്വാസപ്രമേയത്തിനായിരിക്കും മുന്‍തൂക്കം.
ഇതല്ലാതെ മറ്റ് മാര്‍ഗ്ഗവും ഗവര്‍ണ്ണര്‍ക്ക് മുമ്പിലുണ്ട്. ‘ഗവര്‍ണര്‍ക്ക് ഓരോ എംഎല്‍എയെയും നേരില്‍ കാണാന്‍ ക്ഷണിച്ച് അഭിപ്രായം ആരായാം. പിന്തുണ ആര്‍ക്കെന്ന് ഓരോ എംഎല്‍എയില്‍നിന്നും എഴുതി വാങ്ങാം. ഏതെങ്കിലും ഒരു പക്ഷത്തിനു ഭൂരിപക്ഷം ഉണ്ടെന്നു ബോധ്യമായാല്‍ അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം. ആദ്യം സര്‍ക്കാരുണ്ടാകണം. അതിനുശേഷം പ്രസ്തുത പാര്‍ട്ടി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം’. ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാര്യ പറയുന്നു.