
ചെന്നൈ: ശശികല ജയിലില്‍ പോയങ്കിലും പാര്‍ട്ടി എംഎല്‍എമാര്‍ അവരുടെ ഗ്രൂപ്പില്‍ തന്നെയുണ്ട്. ഗ്രൂപ്പ് ലീഡറായി ശശികല നിശ്ചയിച്ച പളനിസാമി മുഖ്യമന്ത്രിയുമായി. എന്നാല്‍ അവര്‍ കെട്ടുറപ്പില്ലാതെയാണ് നില്ക്കുന്നതെന്ന വിശ്വാസത്തിലാണ് പനീര്‍സെല്‍വം കരുക്കള്‍ നീക്കുന്നത്. പാര്‍ട്ടി പിടിക്കാനാണ് അദ്ദേഹമിപ്പോള്‍ മറുതന്ത്രം പയറ്റിയിരിക്കുന്നത്. ആദ്യപടിയായി ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയേയും ടി.ടി.വി.ദിനകരനേയും വെങ്കിടേഷിനെയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ശശികല നിയമിച്ച അവരുടെ ബന്ധുകൂടിയായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. പനീര്‍സെല്‍വം പക്ഷത്തിന്റെ പാര്‍ട്ടി പ്രിസീഡിയം ചെയര്മാന് ഇ.മധുസൂദനന് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താ കുറിപ്പ് ഇറക്കിയത്.
പനീര്‍സെല്‍വത്തിനു പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയര്മാന് സ്ഥാനത്തുനിന്ന് മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്. അണ്ണാ ഡിഎംകെ ഭരണഘടനപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്തെത്തിയത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ഇടക്കാല ജനറല്‍ സെക്രട്ടറിയെന്ന പദവി അണ്ണാ ഡിഎംകെയില്‍ ഇല്ല. ഇതിനെതിരാണ് ശശികലയുടെ പദവി. പുതിയ ജനറല്‍ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍നിന്നു മാറ്റാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തങ്ങളെ ശശികലയ്ക്കു പുറത്താന്‍ കഴിയില്ലെന്നാണ് മധുസൂദനന് അടക്കമുള്ളവരുടെ നിലപാട്.