
ചെന്നൈ: തമിഴ്നാട്ടില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. രാജി വച്ച മുഖ്യമന്ത്രി പനീര്‍ശെല്‍വം ശസികലയ്ക്കെതിരെ തിരിഞ്ഞതാണ് രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുന്നത്. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും ശശികല പുറത്താക്കിയതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങള്‍ ശശികലയ്ക്കെതിരെ അദ്ദേഹം നടത്തിയിട്ടുണ്ട്. ജയലളിതയെ ഒരിക്കല്‍പ്പോലും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ശശികല അനുവദിച്ചില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശശികലയ്ക്കെതിരെ പനീര്‍ശെല്‍വം രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. പനീര്‍ശെല്‍വം രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നതിനെത്തുടര്ന്ന് നിരവധി മാധ്യമ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തുന്നുണ്ട്. ചില എംഎല്‍എമാരും വീട്ടിലേക്കെത്തിയിട്ടുണ്ട്.
ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ മുംബൈയിലുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എത്തേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം യാത്ര നീട്ടിവെച്ചതായാണ് വിവരം.
ഇതിനിടയില്‍ എ.ഐ.എ.ഡി.എം.കെയില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന് വ്യക്തമാക്കി. വിഷയം എ.ഐ.എ.ഡി.എം.കെയുടെ ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന് പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണുന്നുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ചര്‍ച്ചകള്‍ തുടരുകയാണ്. പാര്‍ട്ടി എംഎല്‍എമാരുടെ നിര്‍ണായക യോഗം പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. നേരത്തെ ശശികല മുഖ്യമന്ത്രിയാകുന്നത് ജലയളിത ആഗ്രഹിച്ചിരുന്നില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞിരുന്നു. ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും തന്നെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പിന്നണി കഥകളുടെ 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെയുമായി ബന്ധമുണ്ടെന്ന ആരോപണവം അദ്ദേഹം നിഷേധിച്ചു.