ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതിര കച്ചവടത്തിനും വഴിയൊരുക്കിയ തമിഴ്‌നാട് രാഷ്ട്രീയത്തിലെ സ്ഥിതി ഗതികള്‍ പ്രവചനാതീതം. അതേ സമയം ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുകകൂടി ചെയ്യുന്നതോടെ തമിഴ്‌നാട് കലങ്ങിമറിയുമെന്നുറാപ്പിയിരിക്കുകയാണ്. സട്ട പഞ്ചായത്ത് ഇയക്കം എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ശശികല മുഖ്യമന്ത്രിയാകുകയും സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിയും വന്നാല്‍ തമിഴ്‌നാട്ടില്‍ കലാപം നടക്കും എന്നാണ് ഹര്‍ജിക്കാരുടെ വാദം.
എംഎല്‍എമാരെ തടവിലാക്കി അധികാരം പിടിക്കാന്‍ ശശികല നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ തമിഴ് സിനിമാ മേഖലയും പ്രതികരിച്ച് തുടങ്ങിയട്ടുണ്ട്. അജിത്ത് ഉള്‍പ്പെടെയുളള താരങ്ങള്‍ പനിര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയാല്‍ ശശികലയുടെ നീക്കങ്ങല്‍ അമ്പേ പരാജയപ്പെടും.
ശശികല പക്ഷത്തെ എംഎല്‍എമാരെ ചെന്നൈയിലെ നഗരപ്രാന്തമായ രണ്ട് റിസോര്‍ട്ടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. മന്ത്രിമാര്‍ അടക്കമുള്ളവരാണ് ശശികലയുടെ തടവിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമില്ല. ടെലിവിഷന്‍ കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. പനീര്‍ ശെല്‍വത്തിന്റെ നീക്കങ്ങള്‍ അറിയാതിരിക്കാനാണ് എംഎല്‍എമാര്‍ ടിവി കാണേണ്ടതില്ലെന്ന തീരുമാനം ശശികല എടുത്തത്.
മഹാബലിപുരത്തെ കൂവത്തൂരിലുള്ള ബീച്ച് റിസോര്‍ട്ടില്‍ 90 എംഎല്‍എമാരെയും കല്‍പ്പാക്കം പൂന്തണ്ടലത്തെ റിസോര്‍ട്ടില്‍ 30 പേരെയുമാണു താമസിപ്പിച്ചിട്ടുള്ളതെന്നാണു വിവരം. ശശികല പക്ഷത്തിനു പൂര്‍ണ വിശ്വാസമുള്ള വിരലിലെണ്ണാവുന്ന മന്ത്രിമാര്‍ മാത്രമാണു പുറത്തുള്ളത്. ഇവരെ പോലും നിരീക്ഷിക്കാന്‍ ആളുകളുണ്ട്. റിസോര്‍ട്ടുകളുടെ പരിസരത്തേക്ക് ആരെയും കടത്തിവിടുന്നില്ല. റിസോര്‍ട്ടിന്റെ രണ്ടു കി.മീ. മുന്‍പു തന്നെ മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ തടയാന്‍ ആളുകളുണ്ട്. ആ വിധത്തിലാണ് മന്നാര്‍ഗുഡി മാഫിയയുടെ പ്രവര്‍ത്തനം.
റിസോര്‍ട്ടിലെ മുന്‍കൂര്‍ ബുക്കിങ്ങുകള്‍ പോലും റദ്ദാക്കി. അതിനിടെ എംഎല്‍എമാരെ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന ഹര്‍ജികളില്‍, അവര്‍ ചെന്നൈയിലെ എംഎല്‍എ ഹോസ്റ്റലിലുണ്ടെന്ന വിശദീകരണമാണ് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയത്. തടങ്കലില്‍ അല്ലെന്നും എവിടേക്കു പോകുവാനും സ്വാതന്ത്ര്യമുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി, അഭിഭാഷകനായ കെ. ബാലു എന്നിവരാണു ഹര്‍ജി നല്‍കിയത്. അരിയല്ലൂര്‍ ജില്ലയിലെ കുന്നം മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആര്‍.ടി.രാമചന്ദ്രനെ കാണാനില്ലെന്ന് കെ. ബാലു അറിയിച്ചു. സര്‍ക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. അതേ സമയം, എംഎല്‍എമാരുടെ ഔദ്യോഗിക വാഹനങ്ങളെല്ലാം എംഎല്‍എ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്.
അതേസമയം രണ്ട് പക്ഷമായി വടംവലി തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറാണ് ഇനി എല്ലാ കാര്യങ്ങളും പറയേണ്ടത്. മംബൈയില്‍ നിന്നെത്തിയ ഗവര്‍ണറുമായി ആദ്യം കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും പിന്നീട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും കൂടിക്കാഴ്ച നടത്തി.
തന്നെ നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാല്‍ രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള വാദമാണു പനീര്‍സെല്‍വം ഉന്നയിച്ചത്. 134 എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചത്. ഇരുപക്ഷത്തിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി. നിലവിലുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ടും അയച്ചു. തീരുമാനം ഇന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
രാജിയിലേക്കു നയിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന നിവേദനം പനീര്‍സെല്‍വം ഗവര്‍ണര്‍ക്കു കൈമാറി. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതും നിയമസഭ കക്ഷി നേതാവായതും ശരിയായ രീതിയിലല്ല. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്നും ശശികല പക്ഷം അവരെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ആരോപിച്ചു. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍, മുന്‍ മന്ത്രി നത്തം വിശ്വനാഥന്‍, മുന്‍ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നല്ലതു സംഭവിക്കുമെന്നും ധര്‍മം ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീര്‍സെല്‍വം പ്രതികരിച്ചു.
അണ്ണാഡിഎംകെയില്‍ ജനറല്‍ സെക്രട്ടറി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട പ്രിസീഡിയം ചെയര്‍മാന്‍ പദവി വഹിക്കുന്ന ഇ. മധുസൂദനന്‍ പിന്തുണയുമായി എത്തിയത് അനിശ്ചിതത്വത്തിനിടയിലും പനീര്‍സെല്‍വം പക്ഷത്തിന് ആവേശം പകര്‍ന്നു. ഇന്നലെ രാവിലെ പനീര്‍സെല്‍വത്തിന്റെ വസതിയിലെത്തിയാണു മധുസൂദനന്‍ പിന്തുണയറിയിച്ചത്. ഗവര്‍ണറെ കാണാന്‍ പനീര്‍സെല്‍വത്തെ അനുഗമിക്കുകയും ചെയ്തു. എംജിആറിനൊപ്പം അണ്ണാ ഡിഎംകെയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു മധുസൂദനന്‍. ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.
നിയമസഭാ കക്ഷി യോഗത്തിലും പനീര്‍സെല്‍വം കലാപമുണ്ടാക്കിയ ശേഷം നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലും ഇ. മധുസൂദനന്‍ പങ്കെടുത്തിരുന്നു.അതേസമയം, കഴിഞ്ഞ ദിവസം പിന്തുണയറിയിച്ച അഞ്ച് എംഎല്‍എമാരല്ലാതെ പുതുതായി ആരും പനീര്‍സെല്‍വം ചേരിയിലേക്ക് എത്തിയിട്ടില്ല. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നതല്ലാതെ പ്രത്യക്ഷമായി തെളിയിക്കാന്‍ കഴിയാത്തതു ക്ഷീണമായിട്ടുണ്ട്. മുന്‍ എംഎല്‍എ ജെസിഡി പ്രഭാകര്‍, പുതുച്ചേരിയിലെ പാര്‍ട്ടി നേതാവ് ഓം ശക്തി ശേഖര്‍ എന്നിവരാണ് ഇന്നലെ പനീര്‍സെല്‍വം കൂടാരത്തിലെത്തിയ മറ്റു പ്രമുഖര്‍. ഇതിനു തൊട്ടുപിറകെ ശേഖറിനെ ശശികല പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.