കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാനെത്തിയ പത്തനാപുരം എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറിന്റെ നടപടിക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആള്‍ക്ക് വേണ്ടി പ്രതികരിക്കുന്ന ഗണേഷ് ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുതെന്നാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.
ഇടതുപക്ഷ എംഎല്‍എയായ ഗണേഷ്‌കുമാര്‍ ഇന്നലെ ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലുളള മറ്റ് താരങ്ങള്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം ദിലീപിനെ മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ.ബി ഗണേഷ് കുമാര്‍ എത്തുന്നതിന് മുന്‍പ് തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ കലാഭവന്‍ ഷാജോണ്‍ ജയിലില്‍ എത്തിയിരുന്നു.
നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, നടന്‍ ജയറാം, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.