ലക്നൌ: ഉത്തർപ്രദേശ് നിയമസഭയിൽ പ്രതിപക്ഷത്തിൻറെ കയ്യാങ്കളി. ബി.ജെ.പി സർക്കാരിന്‍റെ പ്രഥമ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് പ്രതിപക്ഷത്തിൻറെ പ്രതിഷേധം.
വിധാൻ സഭയിൽ ഗവർണർ രാം നായിക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ ബി.എസ്.പിയും സമാജ്വാദി പാർട്ടി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
പ്ലക്കാർഡും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. ഗവർണർ വിധാൻ സഭയിൽ എത്തിയപ്പോൾ മുതൽ ബി.എസ്.പി, എസ്.പി അംഗങ്ങൾ ബഹളം വച്ചു. ഗവർണർ പ്രസംഗം തുടങ്ങിയതും പ്രതിപക്ഷം ഇരിപ്പിടത്തിൽ നിന്നും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ഗവർണർക്കെതിരെ പേപ്പർ ചുരുട്ടി എറിയുകയുമായിരുന്നു.
സർക്കാരിനെതിരെ സ്വീകരിക്കേണ്ട പൊതു നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി യോഗം ചേരുമെന്ന് പ്രതിപക്ഷ നേതാവും സമാജ്വാദി പാർട്ടി അംഗവുമായ റാം ഗോവിന്ദ് ചൗധരി പറഞ്ഞു. സംസ്ഥാനത്തെ വർഗീയ കക്ഷിക്കെതിരെ പ്രതിപക്ഷം സംയുക്തമായി നീങ്ങേണ്ടത് ആവശ്യമാണെന്നും അതിലൂടെ വർഗീയ തുടച്ചു നീക്കണമെന്നും ഗോവിന്ദ് ചൗധരി കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പൊതു പ്രതിപക്ഷമാണ് ഉണ്ടാകേണ്ടതെന്നും പാർട്ടി അതിന് തയാറാണെന്നും ബി.എസ്.പി നേതാവ് ലാൽജി വർമ പറഞ്ഞു.