സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പത്മശ്രീ പാറശാല ബി പൊന്നമ്മാൾ (96) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
പൊന്നമ്മാളിനെ രാജ്യം നാല് വർഷം മുമ്ബ് പദ്മശ്രീ നൽകി ആദരിച്ചിരുന്നു.തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യബാച്ചിൽ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും പൊന്നമ്മാൾ ഒന്നാംറാങ്കോടെയാണ് പാസായത്.
പ്രസിദ്ധ സംഗീതജ്ഞൻ പാപനാശം ശിവനിൽനിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ സംഗീതാദ്ധ്യാപികയായ പൊന്നമ്മാൾ തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു.
തൃപ്പൂണിത്തുറ ആർ എൽ വി. സംഗീത കോളേജിന്റെ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ പാടിയ ആദ്യവനിതയുടെ പൊന്നമ്മാളാണ്.
സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ് കൃതികളും ഇടംചേരുന്നതാണ് പൊന്നമ്മാളിന്റെ കച്ചേരികൾ. മാവേലിക്കര വേലുക്കുട്ടിനായർ, മാവേലിക്കര കൃഷ്ണൻകുട്ടിനായർ, ചാലക്കുടി നാരായണസ്വാമി, ലാൽഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധർ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചിൽ അരുൾ വരെയുള്ളവർ കച്ചേരികൾക്ക് പക്കമേളം വായിച്ചിട്ടുണ്ട്.
കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങൾ, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ പൊന്നമാളിന് ലഭിച്ചിട്ടുണ്ട്. പരേതനായ ആർ ദൈവനായകം അയ്യരാണ് ഭർത്താവ്. സുബ്രഹ്മണ്യം, മഹാദേവൻ എന്നിവർ മക്കളാണ്.