മാംഗ്ലൂര്‍: മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം. യൂണിഫോമിന് മുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ ധരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് എബിവിപി പ്രവര്‍ത്തകര്‍ യൂണിഫോമിന് മുകളില്‍ കാവിഷാള്‍ ധരിച്ചെത്തിയത് പ്രകോപനത്തിന് കാരണമായി. പര്‍ദ്ദ ധരിച്ചെത്തിയ പെണ്‍കുട്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകന് മര്‍ദനമേറ്റതോടെ, മംഗളൂരുവിലെ സഹ്യാദ്രി സയന്‍സ് കോളേജില്‍ സംഘര്‍ഷമായി.
ശിവമോഗയിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ശരത്തിനാണ് മര്‍ദനമേറ്റത്. ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സയ്യിദ് അഹമ്മദ്, ഫൈസുള്ള ബേഗ്, ഇര്‍ഷാദ്, ശരത്ത്, സതീഷ്, വിനയ് എന്നിവരെയാണ് സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം..
സംഘപരിവാര്‍ സംഘടനകളും മുസ്ലിം സംഘടനകളുമായി നിരന്തരം തര്‍ക്കങ്ങളുണ്ടാകുന്ന മേഖലയാണിത്. യൂണിഫോമിന് മുകളില്‍ പര്‍ദ ധരിച്ചെത്തുന്നതിച്ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശരത്ത് യൂണിഫോമിന് മുകളില്‍ കാവിഷാള്‍ ധരിച്ചെത്തിയത്. ഇതിനെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. ഷാള്‍ ബലമായി നീക്കിയ ശേഷമായിരുന്നു മര്‍ദനം. കഴിഞ്ഞയാഴ്ച ശരത്ത് ഒരു പെണ്‍കുട്ടിയെ പര്‍ദയുടെ പേരില്‍ അപമാനിച്ചെന്നും ഇവര്‍ ആരോപിച്ചു. ഇതോടെയാണ് പൊലീസ് രംഗത്തെത്തിയതും അക്രമമുണ്ടാക്കിയ മുഴുവന്‍പേരെയും കസ്റ്റഡിയിലെടുത്തതും. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലും മറ്റും പ്രകോപനപരമായ പോസ്റ്റുകളിട്ട മറ്റു രണ്ടുപേര്‍ക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്.